തിരുവനന്തപുരം: ഓണറേറിയം വർധനവ് ഉൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സമരം നടത്തുന്ന ആശ പ്രവർത്തകരുടെ നിരാഹാര സമരം ഇന്ന് ഒൻപതാം ദിവസത്തിലേക്ക് കടന്നു. രാപ്പകൽ സമരം 48-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. അൻപത് ദിവസം പൂർത്തിയാകുന്ന തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി മുടി മുറിച്ച് പ്രതിഷേധിക്കാനാണ് ആശമാർ തീരുമാനിച്ചിരിക്കുന്നത്.
സെക്രട്ടറിയേറ്റിന് സമീപത്തെ സമര പന്തലലിലും വിവിധ പിഎച്ച്സി കളുടെ മുന്നിലും ഐക്യദാർഡ്യം പ്രഖ്യാപിച്ച് ആശമാർ മുടി മുറിയ്ക്കും. തങ്ങളുടെ സമരം കണ്ടില്ലെന്ന് നടിയ്ക്കുകയും അനുകൂല നടപടികളൊ ചർച്ചകളൊ നടത്താൻ സർക്കാർ തയാറാകാത്തതിൽ പ്രതിഷേധിച്ചാണ് മുടി മുറിയ്ക്കൽ സമരവുമായി മുന്നോട്ട് പോകുന്നത്.
സംസ്ഥാനങ്ങള്‍ക്ക് ഓണറേറിയം സ്വതന്ത്രമായി വര്‍ധിപ്പിക്കാം എന്നതാണ് പുതുച്ചേരി സര്‍ക്കാര്‍ ഓണറേറിയം 10,000 രൂപയില്‍ നിന്ന് 18,000 രൂപയായി വര്ധിപ്പിച്ചിരിക്കുന്നതോടെ തെളിഞ്ഞതെന്നും ഈ പശ്ചാത്തലത്തില്‍ പുതുച്ചേരിയെ മാതൃകയാക്കി സംസ്ഥാന സര്‍ക്കാര്‍ ആശാവര്‍ക്കര്‍മാരുടെ ഓണറേറിയം വര്‍ധിപ്പിക്കാന്‍ തയ്യാറാകണമെന്നും കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് വി കെ സദാനന്ദന് ആവശ്യപ്പെട്ടു.നിരാഹാരം ആരംഭിച്ചതിന് ശേഷം സർക്കാർ സമരക്കാരെ ഇതുവരെ ചർച്ചയ്ക്ക് ക്ഷണിച്ചിട്ടില്ല.