തിരുവനന്തപുരം: ആശാവർക്കർമാരുടെ സമരം 46-ാം ദിവസത്തിലേക്ക്. നിരാഹാരം ഏറ്റെടുത്ത് ബീന പീറ്ററും അനിതകുമാരിയും ഷൈലജയും. കഴിഞ്ഞ ഒരാഴ്ചയായി നിരാഹാരം അനുഷ്ഠിച്ചിരുന്ന അസോസിയേഷൻ നേതാക്കളായ എം.എ. ബിന്ദു, കെപി. തങ്കമണി എന്നിവരെ ഇന്നലെ ആശുപത്രിയിലേക്ക് മാറ്റിയതിനെ തുടർന്നാണ് പകരക്കാരായി ബീനപീറ്ററും അനിതകുമാരിയും നിരാഹാര സമരം ഏറ്റെടുത്തിരിക്കുന്നത്.
പുത്തൻതോപ്പ് പിഎച്ച്സിയിലെ ആശ വർക്കറാണ് ബീനാ പീറ്റർ. ഷൈലജ കുളത്തൂർ പിഎച്ച്സി, അനിതകുമാരി പാലോട് പിഎച്ച്സിയിലെ ആശ പ്രവർത്തകരാണ്. ഇന്നലെ സെക്രട്ടേറിയറ്റ് പടിക്കൽ നടത്തിയ ജനസഭയിൽ ചലച്ചിത്ര നടൻ ജോയി മാത്യു ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുത്തിരുന്നു. സമരക്കാരുമായി ചർച്ച നടത്തി അന്തിമ പരിഹാരം കാണണമെന്നാണ് ഭൂരിപക്ഷം പേരുടെയും അഭിപ്രായം.
സിപിഎമ്മും സർക്കാരും ആശാ പ്രവർത്തകരുടെ സമരത്തിൽ തങ്ങൾക്ക് ഒന്നും ചെയ്യാനില്ലെന്നും കേന്ദ്രസർക്കാരാണ് ഓണറേറിയം വർധിപ്പിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടതെന്ന നിലപാടിലാണ്.
അതേ സമയം യുഡിഎഫ് ഭരിക്കുന്ന തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിൽ ആശവർക്കർമാർക്ക് ഓണറേറിയം വർധിപ്പിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകുകയാണ് യുഡിഎഫും കോണ്‍ഗ്രസും. ഇത് സർക്കാരിനും സിപിഎമ്മിനും വെല്ലുവിളിയായി മാറിയിട്ടുണ്ട്.