തിരുവനന്തപുരം: ഓണറേറിയം വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടേറിയറ്റിനു മുന്നിൽ ആശ പ്രവർത്തകർ രാപ്പകൽ സമരം തുടങ്ങിയിട്ട് ഇന്ന് രണ്ട് മാസം. നിരാഹാര സമരം 22-ാം ദിവസത്തിലേക്ക് കടന്നു. കൂടുതൽ സമരപരിപാടികളുമായി മുന്നോട്ട് പോകാനാണ് ആശമാരുടെ തീരുമാനം.
സർക്കാർ പരിഗണിക്കേണ്ടത് തങ്ങൾ ഉന്നയിക്കുന്ന ആവശ്യങ്ങളുടെ ന്യായയുക്തതയാണെന്ന് സമര നേതൃത്വം പറയുന്നു. ഈ മേഖലയിലെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നടത്തുന്ന സമര സംഘടന എന്ന നിലയിൽ കേരളത്തിലെ 26125 ആശാവർക്കർമാരുടെയും ആവശ്യമാണ് കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ ഉന്നയിക്കുന്നത്.
തൊഴിൽ സമരം എന്നതിനപ്പുറം സ്ത്രീകളുടെ ഈ പോരാട്ടം വലിയ സാമൂഹ്യ മുന്നേറ്റമായി കേരളത്തിൽ അലയടിക്കുകയാണെന്നും സമരനേതൃത്വം പറയുന്നു. അതേസമയം ആശാ സമരത്തിന് പിന്തുണയുമായി 12ന് പൗരസാഗരം സംഘടിപ്പിക്കാനുള്ള തയാറെടുപ്പിലാണ് സംസ്കാരിക നേതാക്കൾ.
പൗര സാഗരത്തിൽ പങ്കെടുക്കാൻ സാമൂഹിക സംസ്കാരിക പ്രവർത്തകർ പൊതുജനങ്ങളോട് അഭ്യർഥിച്ചു. പരിപാടിയിൽ പങ്കെടുക്കാൻ അഭ്യർത്ഥിക്കുന്ന പ്രസ്താവനയിൽ കെ.സച്ചിദാനന്ദൻ, സാറ ജോസഫ്, എം.എൻ.കാരശേരി, ഡോ. ഗീവർഗീസ് മാർ കുറിലോസ്, ജസ്റ്റിസ് പി.കെ.ഷംസുദീൻ, ബി.രാജീവൻ, ഖദീജ മുംതാസ്, റഫീഖ് അഹമ്മദ്, പ്രഫ.കെ അരവിന്ദാക്ഷൻ, ഡോ. ജെ. പ്രഭാഷ്, കല്പറ്റ നാരായണൻ, ജോയ് മാത്യു, യു.കെ.കുമാരൻ ,സലിം കുമാർ, വി.പി.സുഹ്റ തുടങ്ങി അമ്പതോളം പ്രമുഖരാണ് പേര് ചേർത്തിരിക്കുന്നത്.