തിരുവനന്തപുരം: ആശ സമരം ഒത്തുതീർപ്പാക്കാൻ സർക്കാർ പരമാവധി വിട്ടു വീഴ്ച ചെയ്തെന്ന് മന്ത്രി വി.ശിവൻകുട്ടി. ഇതിനപ്പുറം വിട്ടു വീഴ്ച ചെയ്യാനാകില്ലെന്നും മന്ത്രി പറഞ്ഞു.
ആശ സമരസമിതി വി.ശിവൻകുട്ടിയുമായി ചർച്ച നടത്തിയെങ്കിലും പരാജയപ്പെട്ടിരുന്നു. ഇതേ തുടർന്ന് ആശ പ്രവർത്തകർ സമരവുമായി മുന്നോട്ട് പോകുകയാണ്.
അതേസമയം ഓണറേറിയം വർധന പ്രഖ്യാപിക്കണമെന്നും അതുണ്ടാവാതെ സമരം അവസാനിപ്പിക്കില്ലെന്നും സമരസമിതി നേതാവ് വി.കെ സദാനന്ദൻ ഇന്നലെ വ്യക്തമാക്കി.
കഴിഞ്ഞതവണത്തെ ചർച്ചയുടെ മിനിട്സ് മന്ത്രി വായിച്ചു കേൾപ്പിച്ചു. കമ്മിറ്റിയെ നിയോഗിച്ച് മൂന്നുമാസത്തിനകം ചില കാര്യങ്ങൾ ശരിയാക്കാം എന്നും തത്വത്തിൽ ഓണറേറിയം വർധന അംഗീകരിക്കുന്നുണ്ടെന്നും മിനിട്സിൽ പറയുന്നതായും അതിനാൽ സമരം അവസാനിപ്പിച്ചുകൂടേയെന്ന് മന്ത്രി ചോദിച്ചതായും വി.കെ സദാനന്ദൻ പറഞ്ഞു.