തിരുവനന്തപുരം: ആശാപ്രവർത്തകരുടെ നിരാഹാര സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി 24മുതൽ കൂട്ട ഉപവാസം നടത്തുമെന്ന് സമരസമിതി നേതാക്കൾ പറഞ്ഞു.
കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി എം.എ. ബിന്ദു, മറ്റ് ഭാരവാഹികളായ തങ്കമണി, ശോഭ എന്നിവരാണ് സെക്രട്ടേറിയറ്റ് പടിക്കൽ നിരാഹാരം അനുഷ്ഠിക്കുന്നത്. നേരത്തെ നിരാഹാരം അനുഷ്ഠിച്ചിരുന്ന ഷീജയുടെ ആരോഗ്യനില വഷളായതിനെ തുടർന്ന് അവരെ ആശുപത്രിയിലെക്ക് മാറ്റിയിരുന്നു.
പകരമാണ് ശോഭ നിരാഹാരത്തിനെത്തിയത്. അതേസമയം ഓണറേറിയം വർധിപ്പിക്കണമെന്നതുൾപ്പെടെ നിരവധി ആവശ്യങ്ങൾ ഉന്നയിച്ച് ആശാവർക്കർമാർ നടത്തുന്ന രാപ്പകൽ സമരം ഇന്ന് 41-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.
ആശാപ്രവർത്തകരുടെ സമരത്തിനെതിരെ സർക്കാരും സിപിഎമ്മും കടുത്ത വിമർശനങ്ങളാണ് ഓരോ ദിവസവും ഉന്നയിക്കുന്നത്. സമരത്തിന് പിന്നിൽ മഴവിൽ സഖ്യമാണെന്നാണ് സിപിഎം പാർട്ടി സെക്രട്ടറി എം. വി.ഗോവിന്ദൻ അഭിപ്രായപ്പെട്ടത്. ആശാപ്രവർത്തകരിലെ 90 ശതമാനം പേരും ജോലിയിൽ പ്രവേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എസ്യു സി ഐ, ജമാ അത്തെ ഇസ്ലാമി, എസ്ഡിപിഐ, ലീഗ്, കോണ്ഗ്രസ്, ബിജെപി ഉൾപ്പെടെയുള്ളവരാണ് സിപിഎമ്മിനെയും സർക്കാരിനെയും വെല്ലുവിളിക്കാൻ ആശ പ്രവർത്തകരെ രംഗത്തിറക്കിയിരിക്കുന്നതെന്നാണ് എം.വി. ഗോവിന്ദൻ വ്യക്തമാക്കിയത്.
എ.കെ. ബാലനും ഇ.പി. ജയരാജനും എ. വിജയരാഘവൻ ഉൾപ്പെടെയുള്ള സിപിഎം നേതാക്കളെല്ലാം ആശപ്രവർത്തകരുടെ സമരത്തിനെതിരെ രംഗത്ത് വന്നിരുന്നു. കേരളത്തിന് ഒന്നും ചെയ്യാനില്ലെന്നും കേന്ദ്രസർക്കാരാണ് ഓണറേറിയം വർധിപ്പിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടതെന്നുമാണ് ആരോഗ്യമന്ത്രിയും സിപിഎം നേതാക്കളും വ്യക്തമാക്കിയിരിക്കുന്നത്.