തിരുവനന്തപുരം: മുപ്പത്തൊന്പതാം ദിവസത്തിലേക്ക് കടന്ന ആശാ പ്രവർത്തകരുടെ സമരം കടുപ്പിക്കുന്നതിന്റെ ഭാഗമാ യി അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. ഇന്ന് രാവിലെ പതിനൊന്നു മുതലാണ് നിരാഹാരത്തിന് തുടക്കമായത്.
ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി എം.എ. ബിന്ദു, സമരസമിതി നേതാക്കളായ തൃക്കണ്ണാപുരം സ്വദേശി തങ്കമണി, പുതുക്കുറുച്ചി സ്വദേശി ഷീജ എന്നിവരാണ് നിരാഹാരമിരിക്കുന്നത്. ഡോ. കെ.ജി. താര നിരാഹാര സമരം ഉദ്ഘാടനം ചെയ്തു.
ഇന്നലെ എൻഎച്ച്എം ഡയറക്ടറും ആരോഗ്യമന്ത്രി വീണ ജോർജും ആശാപ്രവർത്തകരുടെ നേതാക്കളുമായി ചർച്ച നടത്തിയെങ്കിലും ചർച്ച പരാജയപ്പെട്ടിരുന്നു. ഇതോടെയാണ് മുൻനിലപാടിൽ ഉറച്ചുനിന്നുകൊണ്ട് ആശമാർ നിരാഹാരസമരവുമായി മുന്നോട്ട് പോയത്. സമരം അവസാനിപ്പിച്ച് മടങ്ങിപ്പോകാനാണ് മന്ത്രി ആവശ്യപ്പെട്ടതെന്നും തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കാനുള്ള മനസ് മന്ത്രി കാട്ടിയില്ലെന്നും സമരസമിതി നേതാക്കൾ ഇന്നലെ വ്യക്തമാക്കിയിരുന്നു.
നിരാഹാരസമരം തുടങ്ങുന്നതിന് മുൻപ് പേരിന് വേണ്ടി ചർച്ചയ്ക്ക് വിളിച്ചെന്ന് വരുത്തി തീർക്കാനായിരുന്നു ഇന്നലെത്തെ ചർച്ചയെന്നും ആശാ പ്രവർത്തകർ ആരോപിച്ചു. ആശാ പ്രവർത്തകരുടെ സമരത്തിന് പിന്തുണയും ഐക്യദാർഢ്യവുമായി പ്രതിപക്ഷ കക്ഷികളും വിവിധ സന്നദ്ധ സംഘടനകളും ഓരോ ദിവസവും ആശമാരുടെ സമരപന്തലിൽ എത്തിക്കൊണ്ടിരിക്കുകയാണ്.
അതേസമയം ആശാ പ്രവർത്തകരുടെ സമരം സംബന്ധിച്ച് കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച നടത്താന്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ് ഡല്‍ഹിയിലെത്തി. കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡയുമായി കൂടിക്കാഴ്ച നടത്തും. കേന്ദ്രം നല്‍കാനുള്ള കുടിശിക നല്‍കണമെന്ന് ആവശ്യപ്പെടുമെന്ന് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. ആശമാർ ഉന്നയിച്ച വിഷയങ്ങൾ കേന്ദ്രമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തും.
ആശാ പ്രവർത്തകരുടെ ഇൻസെന്റീവ് വർധിപ്പിക്കുക, ജീവനക്കാരായി പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ കേന്ദ്ര ആരോഗ്യമന്ത്രിയെ നേരിട്ട് അറിയിക്കും. കഴിഞ്ഞദിവസം തിരുവനന്തപുരത്ത് ആശാ പ്രവർത്തകരിലെ ഒരു വിഭാഗവുമായി നടത്തിയ ചർച്ചയും ആവശ്യങ്ങളും സമരങ്ങളും കേന്ദ്ര തലത്തിൽ അറിയിക്കും. ആശാ പ്രവർത്തകരുടെ ഇന്‍സെന്റീവ് വര്‍ധന സമയബന്ധിതമായി പരിഗണിക്കുമെന്ന് നേരത്തെ ജെ.പി.നഡ്ഡ പാർലമെന്റിൽ വ്യക്തമാക്കിയിരുന്നു.
അതേസമയം ഓണറേറിയം വർധിപ്പിക്കുക എന്നതാണ് തങ്ങളുടെ പ്രധാന ആവശ്യമെന്നും ഈ ആവശ്യം സംസ്ഥാന സർക്കാർ പരിഹരിക്കേണ്ടതാണെന്നും ഇതിനായി ആരോഗ്യമന്ത്രി എന്തിനാണ് കേന്ദ്രത്തെ സമീപിക്കുന്നതെന്നും സമരസമിതി നേതാക്കൾ ചോദിച്ചു.