തിരുവനന്തപുരം: ആശ പ്രവർത്തകരുടെ രാപ്പകൽ സമരം ഇന്ന് അൻപത്തിയൊന്നാം ദിവസത്തിലേക്ക് കടന്നു. ആവശ്യങ്ങൾ അംഗീകരിച്ച് കിട്ടുന്നത് വരെ സമരവുമായി മുന്നോട്ട് പോകുമെന്നാണ് ആശാ പ്രവർത്തകരുടെ നിലപാട്. ഇന്നലെ ആശാ പ്രവർത്തകർ സമരപന്തലിൽ വച്ച് മുടി മുറിച്ച് പ്രതിഷേധിച്ചിരുന്നു. നിരവധി ആശ പ്രവർത്തകരാണ് മുടി മുറിച്ച് പ്രതിഷേധിച്ചത്. കൂടാതെ ആശ പ്രവർത്തകരുടെ നിരാഹാര സമരവും തുടരുകയാണ്.
ഓണറേറിയം വർധിപ്പിക്കുന്നതിന് സംസ്ഥാന സർക്കാരിന് തീരുമാനമെടുക്കാമെന്നാണ് ആശ സമര സമിതി നേതാക്കളുടെ അഭിപ്രായം. മന്ത്രി വി. ശിവൻകുട്ടി ഇന്നലെ മുടി മുറിയ്ക്കൽ സമരത്തിനെതിരെ പ്രതികരിച്ചിരുന്നു. മന്ത്രിയുടെ നിലപാടിനോട് ആശ പ്രവർത്തകർ കടുത്ത നീരസം പ്രകടിപ്പിച്ചിരുന്നു.
മുറിച്ച മുടി കേന്ദ്രസർക്കാരിന് അയച്ച് കൊടുക്കണമെന്നായിരുന്നു ശിവൻകുട്ടിയുടെ പരിഹാസം. മന്ത്രിയുടെ നിലവാരമില്ലാത്ത അഭിപ്രായങ്ങൾക്ക് മറുപടി അർഹിക്കുന്നില്ലെന്നാണ് ആശാസമരസമിതി നേതാക്കൾ രോഷത്തോടെ പ്രതികരിച്ചത്.
അതേസമയം ആശാ പ്രവർത്തകരുടെ വിഷയം ചർച്ച ചെയ്യാനായി സംസ്ഥാന ആരോഗ്യമന്ത്രി വീണ ജോർജ് ഡൽഹിയിലേക്ക് തിരിച്ചു. ഇന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദയുമായി കൂടിക്കാഴ്ച നടത്തും. ഉച്ചയ്ക്ക് 2.30 നാണ് ചർച്ച.
മുന്പ് ക്യൂബൻ സംഘത്തെ കാണാൻ വീണാ ജോർജ് ഡൽഹിയിലെത്തിയിരുന്നുവെങ്കിലും കേന്ദ്ര ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്ചക്ക് സമയം തേടിയിരുന്നെങ്കിലും പാർലമെന്റ് നടക്കുന്ന സമയമായതിനാൽ ലഭിച്ചില്ല.