ചെങ്ങന്നൂർ: അക്രമിക്കാൻ എത്തിയ ആളെ പ്രാണരക്ഷാർഥം വെട്ടിപ്പരിക്കേൽപ്പിച്ച ആശാവർക്കർ ജയകുമാരിയെ ചെങ്ങന്നൂർ പോലീസ് അറസ്റ്റു ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു. ദുരിതാശ്വാസ കണക്കെടുപ്പിനിടെ തിരുവൻവണ്ടൂർ ഗ്രാമപഞ്ചായത്തിലെ ആശാവർക്കറും, ബിഎൽഒയുമായ അഴകിയകകാവ് ശ്രീശൈലം വീട്ടിൽ രാജന്റെ ഭാര്യ ജയകുമാരി (52), ആലാഗ്രാമപഞ്ചായത്തിലെ എൽഎസ്ജിഡി ഓവർസിയർ ധന്യ എന്നിവരെ തിരുവൻവണ്ടൂർ കല്ലിശേരി പാറേപ്പുരയിൽ ബിനീഷ് (40) അക്രമിക്കാൻ ശ്രമിച്ചത്.
അക്രമത്തിനെ പ്രതിരോധിക്കാൻ ഇയാൾ കൊണ്ടുവന്ന കത്തി പിടിച്ചുവാങ്ങി ജയകുമാരി ഇയാളെ വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. അക്രമ ശ്രമത്തിനിടെ ഗുരുതരമായി പരിക്കേറ്റ ബിനീഷ് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടോടെയായിരുന്നു സംഭവം. റീ ബിൽഡ് കേരളയുടെ ഭാഗമായാണ് ജയകുമാരിയും ധന്യയും ബിനീഷിന്റെ വീട്ടിൽ എത്തിയത്.
ഈ സമയം മദ്യലഹരിയിലായിരുന്ന ഇയാൾ വീട്ടിൽ വെള്ളം കയറിയതിനുള്ള സർക്കാരിൽ നിന്നുള്ള 10,000 രൂപ കിട്ടിയില്ലെന്നാരോപിച്ചു ഇരുവർക്കും നേരെ അസഭ്യവർഷം ചൊരിയികയും തട്ടിക്കയറുകയുമായിരുന്നു. ഇവരുടെ പകക്കലുണ്ടായിരുന്ന മൊബൈൽഫോണ് എറിഞ്ഞു നശിപ്പിക്കുകയും ഇവർ വന്ന സ്കൂട്ടർ തറയിലിട്ട് ചവിട്ടുകയും ചെയ്തു. ഇതുതടയാൻ ശ്രമിച്ച ജയകുമാരിയേയും ധന്യയേയും വെട്ടാനായി ഇയാൾ വെട്ടുകത്തിയുമായി പാഞ്ഞടുത്തു.
ബിനീഷ് ജയകുമാരിയെ പിടിക്കുകയും വെട്ടുകത്തികൊണ്ട് വെട്ടിപരിക്കേൽപ്പിക്കുയും ചെയ്തു. പ്രാണരക്ഷാർത്ഥം ഇവർ വെട്ടുകത്തി പിടിച്ചുവാങ്ങി പിടിവിടുന്നത് വരെ ബിനീഷിനെ തിരികെ വെട്ടുകയുമായിരുന്നു. തുടർന്ന് നാട്ടുകാരാണ് ബിനീഷിനെ ആശുപത്രിയിൽ എത്തിച്ചത്. പരിക്കേറ്റ ജയകുമാരിയെ ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പോലീസ് കസ്റ്റഡിയിൽ എടുത്ത് ജാമ്യത്തിൽ വിട്ടയക്കുകയുമായിരുന്നു.
പ്രാണരക്ഷാർത്ഥമാണ് ജയകുമാരി ബിനീഷിനെ അക്രമിച്ചതെന്നുള്ളതു കൊണ്ട് ജാമ്യം ലഭിക്കാവുന്ന വകുപ്പിലാണ് ഇവർക്കെതിരെ കേസ് എടുത്തിരിക്കുന്നതെന്നും എന്നാൽ സർക്കാർ ജീവനക്കാരുടെ ജോലി തടസപ്പെടുത്തൽ അപായപ്പെടുത്താനുള്ള ശ്രമം ഉൾപ്പടെ നിരവധി വകുപ്പുകൾ ചേർത്ത് ബിനീഷിനെതിരെയും കേസ് എടുത്തിട്ടുള്ളതായും ചെങ്ങന്നൂർ പോലീസ് അറിയിച്ചു.