തിരുവനന്തപുരം: ആശ വർക്കേഴ്സ് സമരം 37ാം ദിവസത്തിലേക്ക് കടന്നു. 20 മുതൽ സെക്രട്ടേറിയറ്റിനു മുന്നിൽ നിരാഹാര സമരം തുടങ്ങും. 20ന് രാവിലെ 11 ന് അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കും. സമരവുമായി മുന്നോട്ടു പോകുമെന്നും നിരാഹാര സമരത്തിനിരിക്കാൻ താൽപ്പര്യമറിയിച്ച് നിരവധി പ്രവർത്തകരാണ് മുന്നോട്ട് വരുന്നതെന്നും ആശാപ്രവർത്തകർ മാധ്യമങ്ങളോടു പറഞ്ഞു.
ആദ്യഘട്ടത്തിൽ മൂന്നു പേരായിരിക്കും നിരാഹാരസമരത്തിൽ ഭാഗമാവുക. പിന്നാലെ മറ്റുള്ളവരും പങ്കാളികളാകും. രാപ്പകൽ സമര കേന്ദ്രത്തിൽതന്നെയായിരിക്കം ആശ വർക്കർമാർ നിരാഹാരമിരിക്കുക. ഇന്നലെ ആശാപ്രവർത്തകർ സെക്രട്ടേറിയറ്റ് ഉപരോധിച്ചിരുന്നു.
സമരം നേരിടാൻ സർക്കാർ പരിശീലന ക്ലാസ് നടത്തിയെങ്കിലും ആരോഗ്യവകുപ്പ് നിർദ്ദേശം തള്ളിയാണ് ആശമാർ ഉപരോധ സമരത്തിൽ എത്തിയത്. മുഖ്യമന്ത്രിയോട് നേരിട്ട് വിഷയം പറയുമെന്ന് പ്രതിപക്ഷ നേതാവും സഭയിൽ വീണ്ടുമുയർത്തുമെന്ന് രമേശ് ചെന്നിത്തലയും സമരവേദിയിൽ പറഞ്ഞു.
കേന്ദ്രത്തിൽ സമർദ്ദം ചെലുത്തുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ഉറപ്പ് നൽകി. എംഎൽഎമാരടക്കം നിരവധി പേർ ആശാവർക്കേഴ്സിന് പിന്തുണയുമായി എത്തിയിരുന്നു. അതേസമയം സമരം തീർക്കാൻ വീണ്ടും ഇടപെടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വ്യക്തമാക്കി