വാക്സിന് നല്‍കാം എന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടു പോയ ശേഷം ബധിരനും മൂകനുമായ 40കാരനെ വന്ധ്യംകരിച്ചതായി പരാതി.
ലോക ജനസംഖ്യാദിനത്തിന് തൊട്ടുമുന്‍പ് വന്ധ്യംകരണവുമായി ബന്ധപ്പെട്ട ടാര്‍ജറ്റ് തികയ്ക്കുന്നതിനു വേണ്ടി ആശാ വര്‍ക്കറാണ് യുവാവിനെ ആശുപത്രിയില്‍ കൊണ്ടു പോയി വന്ധ്യംകരിച്ചതെന്ന് ആരോപണം.
ഭിന്നശേഷിക്കാരന് അവിവാഹിതനാണ്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. എറ്റാ ജില്ലയിലാണ് സംഭവം. ധ്രുവ് കുമാര്‍ എന്നയാളാണ് വന്ധ്യംകരണത്തിന് വിധേയനായത്.
ആശുപത്രിയിലേക്ക് കൊണ്ടുപോയി വീട്ടിലേക്ക് തിരിച്ചുകൊണ്ടുപോകുന്നതിനിടെ വഴിമധ്യേ ഭിന്നശേഷിക്കാരനെ ആശാ വര്‍ക്കര്‍ ഉപേക്ഷിച്ചതായും പരാതിയില്‍ പറയുന്നു.
വഴിമധ്യേ അബോധാവസ്ഥയിലായ യുവാവിനെ ആദ്യം ജില്ലാ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ആഗ്ര എസ്എന്‍ മെഡിക്കല്‍ കോളജിലേക്കും കൊണ്ടുപോയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
വാക്സിന് നല്‍കാമെന്ന് പറഞ്ഞ് ആശാ വര്‍ക്കര്‍ നീലം കുമാരിയാണ് യുവാവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
ജനസംഖ്യാദിനമായ ജൂലൈ 11ന് മുന്‍പ് വന്ധ്യംകരണവുമായി ബന്ധപ്പെട്ട് ജില്ലാ ആരോഗ്യവകുപ്പ് നല്കിയ ലക്ഷ്യം പൂര്‍ത്തിയാക്കുന്നതിന് വേണ്ടിയാണ് ആശാ വര്‍ക്കര്‍ ഇങ്ങനെ ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍.
വന്ധ്യംകരണം പ്രോത്സാഹിപ്പിക്കുന്നതിന് ആശാ വര്‍ക്കര്‍മാര്‍ക്ക് 4000 രൂപ വീതം ഇന്‍സെന്റീവ് നല്‍കുന്നുണ്ട്.
തനിക്കും ഭാര്യയ്ക്കും എഴുതാനും വായിക്കാനും അറിയാത്തത് കൊണ്ട് വാക്സിനേഷന് പ്രക്രിയ അറിയില്ലെന്ന് ധ്രുവ് കുമാറിന്റെ സഹോദരന് പറയുന്നു.
ആശാ വര്‍ക്കര്‍ വീട്ടില്‍ വന്ന് ധ്രുവ് കുമാറിന് വാക്സിന് നല്കാന് അനുമതി തേടി. വാക്സിന് സ്വീകരിക്കാന്‍ തന്റെ കൂടെ വന്നാല്‍ 3000 രൂപ കുടുംബത്തിന് ലഭിക്കുമെന്ന് ആശാ വര്‍ക്കര്‍ പറഞ്ഞു.
ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് ധ്രുവിന്റെ ആധാര്‍ കാര്‍ഡും പാസ്ബുക്കും ആശാ വര്‍ക്കര്‍ ആവശ്യപ്പെട്ടതായും സഹോദരന് പറയുന്നു.
അവിവാഹിതനില്‍ വന്ധ്യംകരണം നടത്താന്‍ പാടില്ലെന്നും സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്നും അധികൃതര്‍ അറിയിച്ചു.