അന്തിക്കാട്: തെരഞ്ഞെടുപ്പ് ഡ്യൂട്ടി ചെയ്ത ആശാവർക്കർമാർക്കു വേതനം ലഭിച്ചില്ലെന്നു പരാതി.
പടിയം വില്ലേജ് ഓഫിസ് പരിധിയൽപ്പെട്ട മാങ്ങാട്ടുകര എയുപി സ്കൂൾ, മാങ്ങാട്ടുകര ശ്രീസായ് സ്കൂൾ എന്നീ പോളിംഗ് സ്റ്റേഷനുകളിൽ ഡ്യൂട്ടി ചെയ്ത ആശ വർക്കർമാരാണു വേതനം ലഭിച്ചില്ലെന്ന പരാതിയുമായി രംഗത്തെത്തിയത്.
ആറുപേരെയാണ് ഇവിടെ ഡ്യൂട്ടിക്കു നിയമിച്ചത്. പടിയം വില്ലേജ് ഓഫീസറുടെ അനാസ്ഥയാണു വേതനം ലഭിക്കാത്തതിനു കാരണമായതെന്ന് ഇവർ ആരോപിച്ചു.
തെരഞ്ഞെടുപ്പു വേതനം നൽകേണ്ടതു വില്ലേജ് ഓഫിസറാണ്. തെരഞ്ഞെടുപ്പു ദിവസം രാവിലെ ആറിന് ഇവർ ഡ്യൂട്ടിക്കെത്തി. രാത്രി ഒന്പതു വരെ ഇവർ പോളിംഗ് സ്റ്റേഷനുകളിൽ വില്ലേജ് ഓഫീസറെയും കാത്തിരുന്നു.
എന്നാൽ, ഒന്പതു മണിയായിട്ടും വില്ലേജ് ഓഫീസർ എത്താത്തതിനെ തുടർന്ന് ഇവർ പഞ്ചായത്ത് പ്രസിഡന്റിനെ വിവരമറിയിച്ചു. പ്രസിഡന്റ് വില്ലേജ് ഓഫീസറുമായി സംസാരിക്കുകയും അടുത്ത ദിവസം പണം നൽകാമെന്നു പറയുകയും ചെയ്തു.
എന്നാൽ, പിറ്റേ ദിവസം വേതനത്തിനായ ആശാ വർക്കർമാർ വില്ലേജ് ഓഫീസിലെത്തിയപ്പോൾ വില്ലേജ് ഓഫീസർ കൈമലർത്തുകയായിരുന്നു.
പണം ഞങ്ങളുടെ കൈവശം സൂക്ഷിക്കാൻ പാടില്ലാത്തതിനാൽ രാത്രി തന്നെ താലൂക്ക് ഓഫീസിൽ തിരിച്ചടച്ചുവെന്ന മറുപടിയാണു ലഭിച്ചത്.
നിങ്ങൾക്കു വേതനം ലഭിക്കണമെങ്കിൽ ഇനി തൃശൂർ താലൂക്ക് ഓഫീസിൽ പോകണമെന്നും ഓഫിസർ അറിയിച്ചു.
അതേസമയം മറ്റു വില്ലേജ് ഓഫിസർമാർ പിറ്റേ ദിവസവും പണം നൽകിയിട്ടുണ്ടെന്ന് ആശാ വർക്കർമാർ പറഞ്ഞു. 650 രൂപയാണ് ഒരാളുടെ വേതനം.
പഞ്ചായത്ത് പ്രസിഡന്റ് ജ്യോതി രാമൻ, വൈസ് പ്രസിഡന്റ് പ്രദീപ് കൊച്ചത്ത്, മെന്പർമാരായ സരിത സുരേഷ്, സുജിത്ത്, മിനി ചന്ദ്രൻ എന്നിവർ വില്ലേജ് ഓഫിസിലെത്തി പ്രതിഷേധിച്ചു.
അതേസമയം പോളിംഗ് സ്റ്റേഷനിൽ എത്തിയപ്പോൾ ആശാ വർക്കർമാരെ കണ്ടില്ലെന്നും പണം കൈവശം വയ്ക്കാൻ പാടില്ലാത്തതിനാൽ താലൂക്ക് ഓഫിസിൽ രാത്രി തന്നെ തിരിച്ചടയ്ക്കുകയായിരുന്നുവെന്നും വില്ലേജ് ഓഫീസർ പറഞ്ഞു.