തിരുവനന്തപുരം: ചിത്രകാരൻ ആശാന്തന്റെ മൃതദേഹത്തോട് അനാദരവുകാട്ടിയവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുറ്റക്കാർക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ സർക്കാർ ഗൗരവമായെടുക്കും. കാടൻ മനസ്ഥിതിക്കാരെ സമൂഹം ഒറ്റപ്പെടുത്തണമെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
കലാകാരനും പിന്നോക്ക വിഭാഗത്തിൽപ്പെട്ടതുമായ അശാന്തൻ എന്ന ചിത്രകാരന്റെ മൃതദേഹത്തോട് ചില വർഗീയ വാദികൾ ക്രൂരത കാണിച്ചത് മനസാക്ഷിയെ ഞെട്ടിച്ച സംഭവമാണ്. എറണാകുളം ദർബാർ ഹാളിലെ ആർട് ഗ്യാലറിയിൽ പൊതുദർശനത്തിന് വെക്കുന്നത് തൊട്ടടുത്ത ക്ഷേത്രം അശുദ്ധമാക്കുമെന്ന പ്രചാരണം നടത്തി മൃതദേഹത്തെ അപമാനിക്കുകയായിരുന്നു. വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാൻ ബോധപൂർവമായ വർഗീയ പ്രചാരണവും സംഘടിപ്പിക്കുകയുണ്ടായെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ പറഞ്ഞു.