കണ്ണൂര്‍: ജീവിതത്തെയും കാഴ്ചകളെയും ചെറിയ വാക്കുകളിലൂടെ വലിയ ചിന്തകളിലേക്കു നയിച്ച എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായിരുന്നു അഷറഫ് ആഡൂർ. സുഹൃത്തുക്കൾക്കിടയിൽ അച്ചുവെന്ന വിളിപ്പേരുമായി ഏതുസമയത്തും നിറഞ്ഞ ചിരിയുമായി കടന്നുവന്നിരുന്ന എഴുത്തുകാരൻ കഴിഞ്ഞ കുറേ വർഷങ്ങളായി ആഡൂരിലെ കഥാവീട് എന്ന വീട്ടിൽ കിടപ്പിലായിരന്നു.
ഇപ്പോൾ കഥാവീട്ടിൽ കഥ ബാക്കിയാക്കി കഥാകാരൻ യാത്രയായിരിക്കുന്നു. തന്റെ അനുഭവങ്ങൾ കോറിയിട്ടതാണ് തന്റെ എഴുത്തെന്ന് കഥാകാരൻ പലപ്പോഴും പറഞ്ഞിരുന്നു. കേരളത്തിലങ്ങോളമിങ്ങോളമുള്ള കഥാ ക്യാന്പുകളിലും സാഹിത്യപരിപാടിയിലും നിറഞ്ഞ പുഞ്ചിരിയുമായി കടന്നുവന്ന് തെളിഞ്ഞ ചിന്തകള്‍ നല്കുന്ന കഥാകൃത്ത് സാഹിത്യപ്രേമികളുടെ ഇഷ്ടപാത്രമായിരുന്നു.
സൗഹൃദത്തിന്റെ സീമകളില്ലാത്ത ലോകമായിരുന്നു അഷ്റഫിന്റേത്. ആദ്യമായി പരിചയപ്പെടുന്നവർക്കുപോലും വർഷങ്ങളായുള്ള സൗഹൃദത്തിന്റെ ലോകമായിരുന്നു എഴുത്തുകാരൻ സമ്മാനിച്ചത്. എഴുത്തുകാരന്റെ ജാഡയോ നാട്യങ്ങളോ ഇല്ലാതെ ഞായറാഴ്ചകളിൽ കണ്ണൂർ ജവഹർ ലൈബ്രറിക്കു സമീപത്തെ കടത്തിണ്ണയിൽ സുഹൃത്തുക്കളോടൊപ്പം ചെലവഴിച്ച് എല്ലാവരോടും ഒരുപോലെ പെരുമാറിയ സാഹിത്യകാരൻകൂടിയായിരുന്നു അഷ്റഫ്.
2015 ഫെബ്രുവരിയിലാണ് പക്ഷാഘാതം ബാധിച്ച് ശരീരം തളര്‍ന്ന് അഷ്റഫ് കിടപ്പിലായത്. മംഗളൂരുവിലെ ആശുപത്രിയിലും പരിയാരം മെഡിക്കല്‍കോളജിലും മാസങ്ങളോളം ചികിത്സയിലായിരുന്നു. കഥാകൃത്ത് ഇയ്യ വളപട്ടണം, പി.എസ്. വിനോദ് എന്നിവരുടെ നേതൃത്വത്തില്‍ നാട്ടുകാരുടെ സഹകരണത്തോടെ ചികിത്സാസഹായ കമ്മിറ്റി രൂപീകരിച്ചിരുന്നു.
കേരളത്തിലെ എഴുത്തുകാരും വായനാപ്രേമികളും മനസറിഞ്ഞ് സഹായിച്ചതോടെ അഷ്റഫിനായി കഥാവീട് എന്നപേരില്‍ വീടുയര്‍ന്നു. 2016 ഫെബ്രുവരി പത്തിനായിരുന്നു ഗൃഹപ്രവേശം. ചടങ്ങിന് കേരളത്തിലെ മിക്ക സാംസ്കാരിക പ്രവര്‍ത്തകരും എത്തിയിരുന്നു. അബോധാവസ്ഥയില്‍ മൂക്കിലൂടെ കുഴല്‍വഴി ഭക്ഷണം നല്‍കിയായിരുന്നു ഇതുവരെ ജീവന് നിലനിര്‍ത്തിയത്.
കരഞ്ഞു പെയ്യുന്ന മഴ, മരണം മണക്കുന്ന വീട്, മരിച്ചവന്റെ വേരുകള്‍ തുടങ്ങിയവയാണ് പ്രധാന കൃതികള്‍. നിരവധി സാഹിത്യ അവാര്‍ഡുകൾ ലഭിച്ചിട്ടുണ്ട്.കണ്ണൂര്‍ സിറ്റി ചാനലിലെ സീനിയര്‍ സബ് എഡിറ്ററായിരുന്ന അഷ്റഫിന് കണ്ണൂര്‍ പ്രസ്ക്ലബിന്റെ മികച്ച മാധ്യമപ്രവര്‍ത്തനത്തിനുള്ള പാമ്പന്‍ മാധവന് പുരസ്കാരവും ജീവകാരുണ്യ ടെലിവിഷന്‍ റിപ്പോര്‍ട്ടിനുള്ള എ.ടി. ഉമ്മര്‍ മാധ്യമ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. പരേതരായ മുഹമ്മദ്- സൈനബ ദന്പതികളുടെ മകനാണ്. ഭാര്യ: ഹാജിറ. മക്കള്‍: ആദില്‍, അദ്നാന്.
കഥകളിലൂടെയും നേരിട്ടുമറിഞ്ഞ പ്രിയ കഥാകാരനെ അവസാനമായി ഒരുനോക്കുകാണാൻ നിരവധി പേരാണ് ഇന്നലെ ആഡൂരിലെ കഥ വീട്ടിൽ എത്തിയത്. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്, എംപിമാരായ പി.കെ. ശ്രീമതി, കെ.കെ. രാഗേഷ്, സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജന്, മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൾ കരീം ചേലേരി, മമ്പറം ദിവാകരന്, ബിജു കണ്ടക്കൈ, ശ്രീധരന് പുതുക്കുടി, മുഹമ്മദ് ഫൈസല്‍, ഗോപി കണ്ടോത്ത്, സംവിധായകന് ഷെറി, എഴുത്തുകാരായ എന്‍. ശശിധരന്, ടി.പി. വേണുഗോപാല്‍, ഇയ്യ വളപട്ടണം, ലതീഷ് കീഴല്ലൂര്‍, മനോജ് കാട്ടാമ്പള്ളി, സതീശന് മോറായി, എം.കെ. മനോഹരന്, രാമകൃഷ്ണന് ചുഴലി, എം.വി. ഷാജി, ബഷീര്‍ പെരുവളത്തുപറമ്പ് തുടങ്ങിയവര്‍ അന്ത്യോപചാരമര്‍പ്പിച്ചു.
അഷറഫ് പറഞ്ഞത് ചെറിയ കഥകളിലൂടെ വലിയ കാര്യങ്ങൾ: മുഖ്യമന്ത്രി
കണ്ണൂർ: അഷറഫ് ആഡൂരിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ചെറിയ കഥകളിലൂടെ വലിയ വലിയ കാര്യങ്ങൾ പറഞ്ഞ കഥാകാരനായിരുന്നു അഷറഫ് ആഡൂരെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു. ദൈന്യത നിറഞ്ഞ ആദ്യകാല ജീവിത പശ്ചാത്തലവും അദ്ദേഹത്തിന് കഥകൾ പരുവപ്പെടുത്തുന്നതിൽ പങ്കു വഹിച്ചു. അതുകൊണ്ടുതന്നെ പുരോഗമനവും മാനവികവുമാ