ആലുവ: യുവാവിന്റെ ചികിത്സ ചെലവിനായി നാട്ടുകാർ നടത്തിയ ബിരിയാണി ചലഞ്ച് വിജയമായെങ്കിലും പാചകക്കാരന് കൊടുക്കേണ്ടി വന്നത് സ്വന്തം ജീവൻ. ആലുവ മുപ്പത്തടം എരമം സ്വദേശി അഷറഫിന് (56) ആണ് ഈ ദാരുണാന്ത്യം. ബിരിയാണി പാക്കിങ്ങിനിടയിൽ കുഴഞ്ഞു വീണാണ് അഷറഫ് മരിച്ചത്.
ഞായറാഴ്ച്ച ഉച്ചയോടെയാണ് സംഭവം. ബൈക്കപകടത്തിൽ പെട്ട യുവാവിന്റെ ചികിത്സ ചെലവിനുള്ള പണത്തിനായി സംഘടിപ്പിച്ച ബിരിയാണി ചലഞ്ചിനിടെ ബന്ധുകൂടിയായ അഷറഫ് കുഴഞ്ഞു വീഴുകയായിരുന്നു.
ഉടനെ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാറ്ററിംഗ് സർവീസ് നടത്തി വന്നിരുന്ന അഷറഫ് പാചകത്തിന്റെ ചുമതല സ്വയം ഏറ്റെടുക്കുകയായിരുന്നു. അവസാന ഘട്ടത്തിലെ പാക്കിംഗിനിടയിലാണ് കുഴഞ്ഞു വീണത്.
3000 ബിരിയാണിയുണ്ടാക്കി 100 രൂപ വിലക്ക് വിറ്റ് ധനസമാഹരണമായിരുന്നു ലക്ഷ്യം. ചെലവ് കഴിഞ്ഞ് 2 ലക്ഷം രൂപയോളം ലഭിക്കുകയും ചെയ്തു. ജൂൺ ഒന്നിന് ആലുവ പെരുമ്പാവൂർ റൂട്ടിൽ ചൂണ്ടി കവലയിൽ വച്ച് ഏലൂക്കര സ്വദേശി ഷമീറും മകൻ മുഹമ്മദ് ഫയാസും സഞ്ചരിച്ചിരുന്ന ബൈക്കിൽ കാറിടിച്ചാണ് അപകടമുണ്ടായത്.
നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ ഷമീർ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ശസ്ത്രക്രിയകളടക്കം 8 ലക്ഷം രൂപയോളം ചെലവ് വരുന്നതിനാൽ നിർധനനായ ഷമീറിനെ സഹായിക്കാനാണ് അഷറഫടക്കമുള്ളവർ രംഗത്തിറങ്ങിയത്.
എന്നാൽ ജീവകാരുണ്യ പ്രവർത്തിക്കിടയിൽ ഷമീറിന്റെ ബന്ധു കൂടിയായ അഷറഫിന്റെ ജീവൻ അകാലത്തിൽ പൊലിയുകയായിരുന്നു. നസീമയാണ് ഭാര്യ. മക്കൾ: ഉമർ മുക്താർ, അൻസിയ, അബീഷ. മരുമക്കൾ: ഷിനാസ്, ജബ്ബാർ. ഏലൂക്കര തെക്കേ പള്ളിയിൽ ഖബറക്കം നടത്തി.