കാക്കനാട്: വർഷങ്ങളോളം തണൽ നൽകിയ മരംതന്നെ ഒടുവിൽ അഷ്റഫിന്റെ ഘാതകനായി എത്തി. ഓലിമുകൾ-കാക്കനാട് റോഡിൽ കെബിപിഎസ് കവാടത്തിനു സമീപത്തായി കളക്ടറേറ്റ് വളപ്പിനുള്ളിൽ വളർന്നു പന്തലിച്ചു നിന്ന തണൽമരച്ചില്ലകൾക്ക് താഴെ നടപ്പാതയോട് ചേർന്നായിരുന്നു ലോട്ടറി വില്പന നടത്തിയിരുന്നത്. ഈ മരമാണ് കടപുഴകി മതിലും തകർത്ത് അഷ്റഫിന്റെ ദേഹത്തേക്കു വീണത്. അപകടത്തെ തുടർന്ന് അഷ്റഫ് തൽക്ഷണം മരിച്ചു.
കൊടുംചൂടിൽ ഈ മര തണലിലാണ് എന്നും ലോട്ടറി വിൽപ്പന ന്നടത്തിയിരുന്നത്. വർഷങ്ങൾ പഴക്കമുള്ള തണൽമരമാണ് ചുവട് മറിഞ്ഞ് വീണത്. മതിലിനോട് ചേർന്നു നിന്ന മരം മറിഞ്ഞപ്പോൾ ചുറ്റുമതിലിലാണ് കടഭാഗം തട്ടിയത്. തടിയോടെയുള്ള വലിയ ചില്ലകൾ റോഡിലേക്ക് വീണത് അതുവഴി പോയ കാറിന്റെ മുകളിലേക്കാണ്.
കാറിന്റെ മുൻഭാഗം ഭാഗികമായി തകർന്നെങ്കിലും കാറിലുണ്ടായിരുന്നവർക്ക് പരിക്കോന്നും പറ്റിയില്ല. മതിൽ മറിഞ്ഞുവീണത് സ്കൂട്ടറിലും അഷ്റഫിന്റെ തലയിലുമാണ്. മരം മറിയുന്നതു കണ്ട് എതിർ ഭാഗത്തു നിന്നവർ ഓടി മാറുകയായിരുന്നു. സണ്‍റൈസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന അഷ്റഫിന്റെ മൃതദേഹം ഇന്നു കളമശേരി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തിയശേഷം എടത്തല മലേപള്ളി കബർസ്ഥാനിൽ കബറടക്കം നടത്തും. ഭാര്യ: ഷക്കീല, മകൾ: ജുമൈലത്ത്. മരുമകൻ: നവാസ്.