അഹമ്മദാബാദ്: സബർമതി ആശ്രമതീരത്തെ കുടിലിൽനിന്നു പതിനായിരം കോടി രൂപയോളം ആസ്തിയുള്ള ആത്മീയസാമ്രാജ്യത്തിന്റെ അധിപനായി ആശാറാം ബാപ്പു എന്ന ആൾദൈവത്തിന്റെ വളർച്ച ആരെയും അദ്ഭുതപ്പെടുത്തുന്നതാണ്. സ്കൂൾ വിദ്യാഭ്യാസംപോലും പൂർത്തിയാക്കാത്ത അസുമാൽ സുരുമാലിനി എന്ന ആശാറാം ബാപ്പുവിന് ഇന്ത്യയിലും വിദേശത്തുമായി 400 ആശ്രമങ്ങളുണ്ട്.
മാനഭംഗക്കേസിൽ 2013 ൽ അറസ്റ്റിലാകുന്പോൾ, എഴുപത്തിയേഴുകാരനായ ബാപ്പുവിന് രാജ്യത്തെ കണ്ണായ സ്ഥലങ്ങളിൽ കെട്ടിടങ്ങളും ബാങ്ക്-ഓഹരി നിക്ഷേപങ്ങളും മണിചെയിനും ആയുർവേദ മരുന്നു വില്പനയും മതഗ്രന്ഥങ്ങളുടെ വിലപ്നയുമുണ്ടായിരുന്നു. ബാപ്പു സ്വന്തം പേരിൽ വിവിധ ഇടങ്ങളിൽ ഭൂമി വാങ്ങിക്കൂട്ടിയതിന്റെ രേഖകളും മൊടേരയിലെ ആശ്രമത്തിൽ നടത്തിയ റെയ്ഡിൽ ലഭിച്ചിരുന്നു.
നാലാം ക്ലാസിൽ പഠനം നിറുത്തിയ ആശാറാം, എഴുപതുകളിൽ ജനശ്രദ്ധയാകർഷിക്കാൻ സബർമതി തീരത്തെ കുടിലിൽ ധ്യാനം ആരംഭിച്ചു. കുടിലിലേക്ക് ജനപ്രവാഹം ആരംഭിച്ചതോടെ ആശാറാം, പതിയെ ആശാറാംജി ബാപ്പുവായി പരിണമിച്ചു.
ഔദ്യോഗിക വെബ്സൈറ്റു പ്രകാരം ആശാറാം പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലുള്ള ബെറാനി ഗ്രാമത്തിൽ 1941 ആണു ജനിച്ചത്. ഇന്ത്യ-പാക് വിഭജനത്തെത്തുടർന്ന് 1947ൽ ആശാറാമിന്റെ കുടുംബം അഹമ്മദാബാദിലേക്കു കുടിയേറി. പിതാവിന്റെ മരണത്തെത്തുടർന്ന് നാലാം ക്ലാസിൽ പഠനം അവസാനിച്ചു. പിന്നീട് അജ്മീറിൽ കുതിരവണ്ടിക്കാരനായി. അറുപതുകളുടെ അവസാനം ആത്മീയതതേടി ഹിമാലയത്തിലെത്തി. അവിടെ കണ്ടുമുട്ടിയ ലിയാഷാ ബാപ്പുവിനെ ഗുരുവായി സ്വീകരിച്ചു.
1964ൽ ലിയാഷാ ബാപ്പുവാണ് ആശാറാം എന്ന പേരു നൽകിയത്. ലിയാഷാ ബാപ്പുവിന്റെ കീഴിൽ പഠനം തുടർന്ന ആശാറാം 1970ൽ അഹമ്മദാബാദിൽ തിരിച്ചെത്തി. 1972ൽ സബർമതിയുടെ തീരത്ത് മോക്ഷ കുടീർ എന്ന പേരിൽ കുടിൽ സ്ഥാപിച്ച് ധ്യാനം തുടങ്ങി.
അധികം വൈകാതെതന്നെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ആശ്രമം സ്ഥാപിക്കുകയും ഡൽഹിയിൽ വന്പൻ ആശ്രമകേന്ദ്രം പടുത്തുയർത്തുകയും ചെയ്തു. ലക്ഷ്മി ദേവിയാണ് ആശാറാമിന്റെ ഭാര്യ. നാരായൺ സായി, ഭാരതിദേവി എന്നിവർ മക്കളാണ്. നാരായൺസായിയും പീഡനക്കേസിൽ ജയിലിലാണ്.
മൊടേര ആശ്രമഗുരുകുലത്തിലെ അന്തേവാസികളായ ദീപേഷ്, അഭിഷേക് വെങ്കേല എന്നീ ബന്ധുക്കളായ കുട്ടികളെ 2008 ൽ മരിച്ചനിലയിൽ നദീതിരത്ത് കണ്ടെത്തിയതാണ് ആശാറാമിനെതിരേയുള്ള ആദ്യ വിവാദം. മന്ത്രവാദത്തിനിടെ കുട്ടികളെ കൊലപ്പെടുത്തിയതാണെന്ന് മാതാപിതാക്കൾ ആരോപിച്ചു.
ഇതിനെത്തുടർന്ന് ആശ്രമത്തിലെ ഏഴു പേരേ 2009 ൽ പോലീസ് സിഐഡി സംഘം അറസ്റ്റ് ചെയ്തിരുന്നു. രാജസ്ഥാനിലെ ആശ്രമത്തിൽവച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ 2013 ഒക്ടോബറിലാണ് ആശാറാമിനെതിരേ കേസ് രജിസ്റ്റർ ചെയ്യുന്നത്. ആശാറാമിനെ കൂടാതെ നാരായൺ സായിക്കെതിരേയും മാനഭംഗക്കുറ്റം ചുമത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഗാന്ധിനഗർ കോടതിയിലാണ് കേസിന്റെ വിചരാണ ആരംഭിച്ചത്.
വാലന്റൈൻസ് ഡേയ്ക്ക് എതിരേയും ഡൽഹി പെൺകുട്ടിക്കെതിരേയും ആശാറാം ബാപ്പു നടത്തിയ പരാമർശങ്ങൾ ഏറെ വിവാദമുയർത്തിയിരുന്നു.
ഞങ്ങൾക്കു നീതി ലഭിച്ചു: പെൺകുട്ടിയുടെ അച്ഛൻ
ഷാജഹാൻപുർ(ഉത്തർപ്രദേശ്): ‘എന്റെ മകൾക്കു നീതി ലഭിച്ചു, ഇനി ഞാൻ മരിച്ചാലും വിഷമമില്ല.’ മകൾ മാനഭംഗത്തിനിരയായ കേസിൽ സ്വയം പ്രഖ്യാപിത ആൾദൈവം ആശാറാം ബാപ്പുവിനെ ജോധ്പുർ കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചതിനെക്കുറിച്ചു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ആശാറാമിനു ശിക്ഷ വാങ്ങിക്കൊടുക്കാനായതിൽ സന്തോഷിക്കുന്നു. ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിൽ വിശ്വാസമുണ്ട്. ഇപ്പോൾ ഞങ്ങൾക്കു ഭയമില്ല, ഞങ്ങളുടെ കൂടെ ഭരണകൂടവും കോടതിയുമുണ്ട്. നാലുവർഷമായി ഞങ്ങൾ ആരും വീടിനുവെളിയിലിറങ്ങാറില്ലായിരുന്നു. പതിനാറുകാരിയായ എന്റെ മകൾ അസാധാരണ ധൈര്യശാലിയാണ്. അതിനാലാണു വ്യാജ ആൾദൈവത്തിനു ശിക്ഷ വാങ്ങിക്കൊടുക്കാൻ കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
പ്രദേശവാസികൾക്കും മാധ്യമങ്ങൾക്കും നന്ദി പറയുന്നു. ദൈവഭയമുണ്ടാക്കി ആളുകളെ വിശ്വാസത്തിലെടുക്കുന്ന രീതിയായിരുന്നു ആശാറാമിന്റേത്. ഗുരുവാണ് എല്ലാം എന്നു സ്ഥാപിച്ചെടുക്കാനാണ് അയാൾ ശ്രമിച്ചത്. ദൈവത്തിന്റെ അവതാരമാണെന്നു ഞങ്ങളെ പറഞ്ഞു വിശ്വസിപ്പിച്ചു. വലിയ സിദ്ധികളുണ്ടെന്നു തെറ്റിദ്ധരിപ്പിച്ചു. അങ്ങനെയാണ് ആശ്രമത്തിന്റെ ഗുരുകുലങ്ങളിൽ ഞങ്ങൾ കുട്ടികളെ പഠിക്കാനയച്ചത്.
മധ്യപ്രദേശിലെ ചിന്ദ്വാരയിലുള്ള ആശ്രമത്തിലായിരുന്നു കുട്ടി താമസിച്ചു പഠിച്ചുവന്നത്. 2013 ഓഗസ്റ്റ് 15നാണു കേസിനാസ്പദമായ സംഭവം. ജോധ്പുരിലെ മനായിയിലുള്ള ആശ്രമത്തിലേക്കു പെൺകുട്ടിയെ ആശാറാം വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നായിരുന്നു കേസ്. 2013 സെപ്റ്റംബർ ഒന്നിന് ഇൻഡോറിൽനിന്ന് ആശാറാം അറസ്റ്റിലായി.