“എവിടെ’ എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഭർത്താവിനെ കാണാനില്ല എന്ന് പറഞ്ഞ് ഫേസ്ബുക്കിൽ ലൈവിൽ വന്ന ആശ ശരത് സംഭവം വിവാദമായതിനെ തുടർന്ന് വിശദീകരണവുമായി രംഗത്ത്. ഒരു അഭിമുഖത്തിനിടെയാണ് താരം മനസ് തുറന്നത്.
ഇത് പ്രമോഷണൽ വീഡിയോ ആയിരുന്നുവെന്ന് പ്രത്യേകം സൂചിപ്പിച്ചിരുന്നുവെന്നും ഇത് കൊണ്ട് ചിലർക്ക് ആശങ്കകളുണ്ടായത് എന്നോടുള്ള സ്നേഹം കൊണ്ടാണെന്നാണ് മനസിലാക്കുന്നത്. ഇത് ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ വിഷമമുണ്ടെന്നും താരം പറഞ്ഞു.
ഉദ്ദേശ്യം വ്യക്തമായിരുന്നുവെന്നും ആശാ ശരത് ആയല്ല സിനിമയിലെ കഥാപാത്രമായാണ് പ്രത്യക്ഷപ്പെട്ടത്. ഭർത്താവിനെ കാണാതായതിനെക്കുറിച്ച് പറയുമ്പോൾ സഖറിയ എന്ന് എടുത്ത് പറഞ്ഞിരുന്നുവെന്നും ഇത് സിനിമയുടെ അണിയറ പ്രവർത്തകരെല്ലാം കൂട്ടമായി എടുത്ത തീരുമാനമായിരുന്നുവെന്നും ആശ ശരത് വ്യക്തമാക്കി.
ആശ ശരത് ഫേസ്ബുക്ക് ലൈവിൽ വന്നതിനു പിന്നാലെ സംഭവം വിവാദമാകുകയായിരുന്നു. താരത്തിന്റെ ഭർത്താവിനെ കാണാതായതായി വാർത്തകൾ പ്രചരിക്കുകയും ചെയ്തിരുന്നു. കൂടാതെ സിനിമ പ്രൊമോഷന്റെ പേരിൽ സംസ്ഥാനത്തെ ഒരു പോലീസ് സ്റ്റേഷനെ ഉൾപ്പടുത്തി വ്യാജപ്രചരണം നടത്തിയെന്ന് ആരോപിച്ച് അഭിഭാഷകനായ ശ്രീജിത്ത് പെരുമന ആശ ശരത്തിനെതിരെ പരാതിയും നൽകിയിരുന്നു.