തിരുവനന്തപുരം: ആശ പ്രവർത്തകരുടെ സമരത്തിൽ ഐഎൻടിയുസി സ്വീകരിച്ച നിലപാടിനെത്തുടർന്ന് ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരനെ താക്കീത് ചെയ്ത് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. ആശ സമരത്തിൽ സർക്കാർ വിളിച്ച ചർച്ചയിൽ സർക്കാരിന് അനുകുലമായി നിലപാട് സ്വീകരിച്ചതിനാണ് ചന്ദ്രശേഖരനെ താക്കീത് ചെയ്തത്. ചന്ദ്രശേഖരന്റെ ഭാഗത്തുനിന്നുണ്ടായത് ഗുരുതര ചട്ടലംഘനമാണെന്നാണ് സുധാകരന്റെ നിലപാട്.
പാർട്ടി ഒറ്റക്കെട്ടായി ആശ പ്രവർത്തകർക്കൊപ്പം നിൽക്കുന്പോൾ ചന്ദ്രശേഖരൻ സർക്കാരിന് അനുകൂലമായ നിലപാട് സ്വീകരിച്ചത് മുതിർന്ന പൊതുപ്രവർത്തകന് ചേർന്ന പ്രവർത്തിയല്ല. ഇത്തരത്തിലുള്ള വീഴ്ചകൾ മേലിൽ ഉണ്ടാകാൻ പാടില്ലെന്നാണ് താക്കീത് ചെയ്തിരിക്കുന്നത്.
ആശ സമരസമിതി നേതാക്കൾ നേരത്തേ ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരനെതിരേ രംഗത്ത് വന്നിരുന്നു. സർക്കാർ വിളിച്ച ചർച്ചയിൽ പങ്കെടുത്ത് സർക്കാരിന് അനുകൂലമായതും തങ്ങൾക്ക് ദോഷകരവുമായ നിലപാട് ചന്ദ്രശേഖരൻ സ്വീകരിച്ചുവെന്നായിരുന്നു ആശ സമരസമിതിയുടെ ആരോപണം. സമരം ചെയ്യുന്ന ആശ സമരസമിതി നേതാക്കൾ വിട്ടുവീഴ്ചാ മനോഭാവമില്ലാത്തവരാണെന്നാണ് ചന്ദ്രശേഖരൻ വ്യക്തമാക്കിയത്.