കൊച്ചി: കോവിഡിന്റെ വ്യാപനം തടയാന്‍ നാടാകെ ജാഗ്രതയോടെ സേവനം ചെയ്യുന്ന സംസ്ഥാനത്തെ ആശ പ്രവര്‍ത്തകര്‍ക്കു സര്‍ക്കാരില്‍നിന്ന് ഓണറേറിയം ലഭിച്ചിട്ടു നാലു മാസം.
മാസ്കോ സാനിറ്റൈസറോ പോലുള്ള സുരക്ഷാസംവിധാനങ്ങള്‍ ഇല്ലാതെയാണു രോഗലക്ഷണങ്ങളുമായി നിരീക്ഷണത്തിലുള്ളവരുടെ വീടുകളിലുള്‍പ്പടെ ഓരോ ദിവസവും ഇവരിലേറെപ്പേരും വിവരങ്ങള്‍ ശേഖരിക്കാനെത്തുന്നത്.
ആശാ പ്രവര്‍ത്തകര്‍ക്കു ഡിസംബര്‍ മുതലുള്ള ഓണറേറിയമാണു മുടങ്ങിയത്. 4,500 രൂപവീതമാണു പ്രതിമാസ ഓണറേറിയമായി ഇവര്‍ക്കു ലഭിക്കേണ്ടത്.
വിവിധ ജോലികളുടെ സ്വഭാവമനുസരിച്ചുള്ള ഇന്‍സന്റീവും ഇവര്‍ക്കു ലഭിക്കാറുണ്ട്. മുടങ്ങിയതുള്‍പ്പെടെയുള്ള ഓണറേറിയം കഴിഞ്ഞ അഞ്ചിനു നല്കുമെന്നു സര്‍ക്കാര്‍ അറിയിച്ചിരുന്നെങ്കിലും അതുണ്ടായില്ല.
വിധവകള്‍ ഉള്‍പ്പെടെ കുടുംബങ്ങളുടെ പൂര്‍ണ ചുമതല നിറവേറ്റേണ്ട നൂറുകണക്കിനു സ്ത്രീകള്‍ ആശാമാരായി സേവനം ചെയ്യുന്നുണ്ട്. രാജ്യത്തെ ഗര്‍ഭിണികളുടെയും കുട്ടികളുടെയും ആരോഗ്യ പരിപാലനത്തിനുള്ള കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ നാഷണല്‍ റൂറല്‍ ഹെല്‍ത്ത് മിഷന്റെ കീഴിലാണ് ആശാ വര്‍ക്കര്‍മാര്‍ സേവനം ചെയ്യുന്നത്.
തദ്ദേശ സ്ഥാപനങ്ങളിലെ ഓരോ വാര്‍ഡുകളിലും ഓരോ ആശാ വര്‍ക്കര്‍മാരാണുള്ളത്. ശരാശരി 250 മുതല്‍ 500 വരെ വീടുകളാണ് ഓരോ ആശാ പ്രവര്‍ത്തകയും ശ്രദ്ധിക്കേണ്ടത്.
അതതു തദ്ദേശ സ്ഥാപനങ്ങളിലെ ജൂണിയര്‍ ഹെല്‍ത്ത് ഇന്സ്പെക്ടര്മാര്ക്കാണു ഇവര്‍ ഓരോ ദിവസത്തെയും റിപ്പോര്‍ട്ടുകള്‍ നല്‍കേണ്ടത്. സംസ്ഥാനത്താകെ 28,000 ആശാ പ്രവര്‍ത്തകരുണ്ട്.
കഴിഞ്ഞ ബജറ്റില്‍ ഓണറേറിയത്തില്‍ 500 രൂപ വര്‍ധിപ്പിച്ചെങ്കിലും ഫലത്തില്‍ അതും ആശാ പ്രവര്ത്തകരിലേക്കെത്തിയിട്ടില്ല.
സിജോ പൈനാടത്ത്