തിരുവനന്തപുരം: തങ്ങളെ വീടുകയറി ഭീഷണിപ്പെടുത്തുവെന്ന പരാതിയുമായി ആശാ പ്രവർത്തകർ. ചിറയിൻകീഴ് വക്കം പ്രദേശത്തെ ആശാവർക്കർമാരുടെ വീടുകളിൽ സിഐടിയു, സിപിഎം പ്രാദേശിക നേതാക്കൾ ചെന്ന് ഭീഷണിപ്പെടുത്തുകയാണെന്ന് സമരസമിതി നേതാക്കൾ ആരോപിച്ചു. സെക്രട്ടേറിയറ്റ് നടയിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സമരം നടത്തുകയാണ് ആശാപ്രവർത്തകർ.
സമരത്തിനു പോകാൻ പാടില്ലെന്നും പിൻമാറണമെന്നതുൾപ്പെടെയുള്ള ഭീഷണികളാണ് ഓരോ ദിവസവും തങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്നതെന്നും അവർ വ്യക്തമാക്കി. തങ്ങളുടെ ന്യായമായ ആവശ്യങ്ങളെ സർക്കാർ കണ്ടില്ലെന്ന് നടിയ്ക്കുന്നതും സിഐടിയു നേതാക്കൾ പുച്ഛിക്കുന്നതിലും വിഷമമുണ്ടെന്ന് ആശാപ്രവർത്തകർ പറഞ്ഞു.
സംസ്ഥാനത്തെ 26,000-ാളം വരുന്ന ആശാപ്രവർത്തകർ തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ച് കിട്ടുന്നതുവരെ സമരവുമായി മുന്നോട്ടുപോകണമെന്ന നിലപാടിൽ ഉറച്ചുതന്നെ നിൽക്കുകയാണെന്ന് അവർ വ്യക്തമാക്കി. സമരത്തെ ഈർക്കിൽ സമരമെന്ന് വിശേഷിപ്പിച്ച നേതാക്കൾ തങ്ങളും മനുഷ്യരാണെന്ന് മനസിലാക്കണമെന്നും ഇതിന് മുൻപ് പാർട്ടി നേതാക്കൾ പറഞ്ഞ എല്ലാ കാര്യങ്ങളും ചെയ്തവരാണ് തങ്ങളെന്ന കാര്യം മറക്കരുതെന്നും അവർ പറഞ്ഞു.
സിഐടിയു നേതാവ് എളമരം കരിം ആശാപ്രവർത്തകരുടെ സമരത്തെ രൂക്ഷമായി വിമർശിക്കുകയും പരിഹസിക്കുകയും ചെയ്തിരുന്നു.ആശാപ്രവർത്തകർ നടത്തി വരുന്ന സമരം പതിനെട്ടാം ദിവസത്തിലേക്കു കടന്നിരിക്കുകയാണ്. പ്രതിപക്ഷ പാർട്ടികളും വിവിധ സംഘടനകളും ഉൾപ്പെടെ ദിനംപ്രതി സമരത്തിന് ഐക്യദാർഡ്യവുമായി മുന്നോട്ടുവരികയാണ്.
കോണ്ഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തല, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ശശി തരൂർ, ആർഎസ്പി നേതാക്കളായ എൻകെ. പ്രേമചന്ദ്രൻ എംപി, ഷിബു ബേബിജോണ് ഉൾപ്പെടെയുള്ളവർ സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചിരുന്നു.
ആശാപ്രവർത്തകരുടെ സമരം അവസാനിപ്പിച്ച് ജോലിയിൽ പ്രവേശിച്ചില്ലെങ്കിൽ പിരിച്ചുവിടുമെന്ന് ഉൾപ്പെടെയുള്ള ഭീഷണികളുമായി സർക്കാർ മുന്നോട്ടുവന്നെങ്കിലും സമരത്തിൽ നിന്നും പിന്നോട്ടുപോകാൻ ആശാപ്രവർത്തകർ തയാറായിട്ടില്ല.
വേതന വർധനവ് ആവശ്യപ്പെട്ട് സിഐടിയുവും കേന്ദ്ര സർക്കാരിനെതിരേ ബദൽ സമരത്തിന് തുടക്കം കുറിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള സ്ഥാപനങ്ങളുടെ മുന്നിലാണ് പ്രതിഷേധ സമരം സിഐടിയു നടത്തുന്നത്.