കോട്ടയം: കര്‍ഷകരുടെയും ക്ഷേമപെന്ഷന്കാരുടെയും നിരയില്‍ സര്‍ക്കാരിനെതിരേ ആശാവര്‍ക്കര്‍മാരും പ്രതികരിച്ചു രംഗത്തുവന്നതോടെ തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് കടുത്ത തിരിച്ചടിയുണ്ടാകുമെന്ന് വിലയിരുത്തല്‍. കോവിഡ് കാലത്തുള്‍പ്പെടെ ക്ലേശകരമായി സേവനം ചെയ്ത ആറായിരം ആശാവര്‍ക്കര്‍മാരാണ് ജില്ലയില്‍ ഓണറേറിയം വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധിക്കുന്നത്.
ഗ്രാമങ്ങളില്‍ ജനങ്ങളുമായി ഏറ്റവും അടുത്ത ബന്ധം പുലര്‍ത്തുന്നവരും ഏവര്‍ക്കും പരിചിതരുമാണ് ആശാവര്‍ക്കര്‍മാര്‍. ഇവരില്‍ വലിയൊരു വിഭാഗവും ഇടതുപക്ഷ അനുഭാവികളുമാണ്. അടുത്ത തദ്ദേശതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിനിരയില്‍ പരിഗണിച്ചിരുന്ന വനിതകളാണ് സര്‍ക്കാരിനെതിരേ ശക്തമായ നിലപാടുമായി രംഗത്തുവന്നിരിക്കുന്നത്.
സമരക്കാരെ അധിക്ഷേപിക്കുന്ന പാര്‍ട്ടി നേതാക്കളുടെ നിലപാടില്‍ പ്രതിഷേധിച്ച് ചിലര്‍ സിപിഎം ബന്ധം അവസാനിപ്പിക്കുകയും ചെയ്തു. ഗര്‍ഭകാല പരിചരണംമുതല് കുട്ടിക്ക് പതിനാലാം വയസില്‍ പ്രതിരോധ കുത്തിവയ്പ് നല്‍കുന്നതുവരെയുള്ള സേവനമാണ് ആശാ വര്‍ക്കാര്‍ ഏറ്റെടുക്കുന്നത്.
പതിനേഴ് വര്‍ഷമായി ഈ രംഗത്തുള്ളവരാണ് ജീവിക്കാനുള്ള വരുമാനം തേടി സമരം ചെയ്യുന്നത്. പോളിയോ തുള്ളിമരുന്ന് എല്ലാ കുട്ടികള്‍ക്കും കൊടുത്തുവെന്ന് ഉറപ്പാക്കേണ്ട ചുമതലയും ഇവര്‍ക്കാണ്.എന്‍എച്ച്എം വഴി മാസം 6000 രൂപയാണ് ഓണറേറിയം.
കൂടാതെ ആയിരം രൂപ ഇന്‍സെന്റീവും. ഓണറേറിയം സംസ്ഥാനവും ഇന്‍സെന്റീവ് കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകള്‍ ചേര്‍ന്നുമാണ് നല്‍കുന്നത്.മാതൃശിശു സംരക്ഷണം ഉറപ്പാക്കല്‍, പ്രാഥമിക വൈദ്യസഹായം എത്തിച്ചുനല്കല്, പകര്‍ച്ചവ്യാധി ബോധവത്കരണം, ജീവിതശൈലീ രോഗങ്ങള്‍ തടയുന്നതിന് സമൂഹത്തെ സജ്ജമാക്കല്‍ ഉള്‍പ്പെടെ വിപുലമാണ് ഇവരുടെ ജോലി.