മയ്യിൽ: മയ്യിൽ പോലീസ് സ്റ്റേഷനിൽ നിന്ന് പോലീസിനെ വെട്ടിച്ച് പ്രതി രക്ഷപ്പെട്ട് അഞ്ചു മാസത്തോളമായിട്ടും പിടികൂടാൻ കഴിയാതെ പോലീസ്.
പാവന്നൂർമൊട്ട സ്വദേശി പെരുവളത്തുപറമ്പിലെ മുനിയൻകുന്നേൽ ആഷിഖ് (36) ആണ് കഴിഞ്ഞ ഒക്ടോബർ ഒമ്പതിന് രാത്രി രക്ഷപ്പെട്ടത്.
കുറ്റ്യാട്ടൂർ കുഞ്ഞുമൊയ്തീൻ പീടികയ്ക്ക് സമീപത്തെ വിപിഎം ക്രഷറിലെത്തി പണമാവശ്യപ്പെട്ട് ക്രഷറിന്റെ ഗ്ലാസ് അടിച്ചുതകർത്ത കേസിലെ പ്രതിയാണ് ആഷിഖ്.
സെപ്റ്റംബർ 19 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഇയാളെ ഒക്ടോബർ ഒമ്പതിന് വൈകുന്നേരമാണ് മയ്യിൽ പോലീസ് അറസ്റ്റ് ചെയ്തത്.
സ്റ്റേഷനിൽ സെല്ലില്ലാത്തതിനാൽ ആഷിഖിനെ വരാന്തയിലാണ് ഇരുത്തിയിരുന്നത്. രാത്രി 12 ഓടെ ടോയ്ലെറ്റിൽ പോകണമെന്ന് പറഞ്ഞ് മുറ്റത്തിറങ്ങിയ ഇയാൾ പൊലീസിനെ വെട്ടിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു.
അറസ്റ്റിലായ പ്രതി രക്ഷപ്പെട്ട സംഭവത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനെയും പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥനെയും ജില്ലാ പോലീസ് മേധാവി അന്വേഷണ വിധേയമായി സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പാണ് ഇരുവരേയും സർവീസിൽ തിരിച്ചെടുത്തത്.
കഴിഞ്ഞ നവംബർ ആദ്യം ആഷിഖ് മൈസൂരുവിലുള്ളതായി സൂചന ലഭിച്ചിരുന്നെങ്കിലും പിന്നീട് ഇയാളെ കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്നാണ് മയ്യിൽ പോലീസ് പറയുന്നത്.
നവംബർ ഒന്നിന് മൈസൂരുവിലെ എടിഎമ്മിൽ നിന്ന് പണം പിൻവലിച്ചതായാണ് പോലീസ് കണ്ടെത്തിയിരുന്നത്.
അറസ്റ്റിലായ പ്രതി രക്ഷപ്പെട്ടതായി കാണിച്ച് പോലീസ് കോടതിയിൽ റിപ്പോർട്ട് നൽകുകയും രക്ഷപ്പെട്ട സംഭവത്തിൽ പ്രത്യേകം കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ടെങ്കിലും അന്വേഷണം പൂർണമായും നിലച്ചമട്ടാണ്.
കഴിഞ്ഞ ദിവസം ഇയാൾ നാട്ടിലെത്തിയതായി വിവരമുണ്ടായിരുന്നെങ്കിലും മയ്യിൽ പോലീസ് പിടികൂടാൻ ശ്രമിച്ചില്ലെന്നും ആക്ഷേപമുണ്ട്.
കവർച്ച, വധശ്രമം, ലഹരിമരുന്ന് വിതരണം, മണൽ കടത്ത് തുടങ്ങി നിരവധി കേസുകളിൽ പ്രതിയായ ആഷിഖ് രക്ഷപ്പെട്ടതിൽ ദുരൂഹതയുണ്ടെന്നും സംഭവത്തിൽ അന്വേഷണം വേണമെന്നുമാവശ്യപ്പെട്ട് ഡിവൈഎഫ്ഐയും യൂത്ത് കോൺഗ്രസും നേരത്തെ രംഗത്തെത്തിയിരുന്നു.