കൊച്ചി: കൊച്ചി നഗരത്തിൽ വൻതോതിൽ കഞ്ചാവ് വില്പന നടത്തിവന്ന, ഇടപാടുകാർക്കിടയിൽ ബോംബേ ഭായ് എന്നറിയപ്പെടുന്ന പ്രതിയുടെ ജീവിതം സിനിമാ കഥകളെയും വെല്ലുന്നത്. കണ്ണൂർ വളപട്ടണം കെവി ഹൗസിൽ ആഷിഖിനെ (26) ആണ് എറണാകുളം എക്സൈസ് സ്പെഷൽ സ്ക്വാഡ് ഇൻസ്പെക്ടർ പി. ശ്രീരാജിന്റെ നേതൃത്വത്തത്തിലുള്ള സംഘം കഞ്ചാവുമായി പിടികൂടിയത്.
ഓട്ടോ ഡ്രൈവറിൽനിന്നും തട്ടുകടയിലേക്ക് ചുവടുമാറ്റുകയും ഇത് മറയാക്കി കഞ്ചാവ് വിൽപ്പന ഉൗർജിതമാക്കി ആർഭാട ജീവിതം നയിച്ചിരുന്ന പ്രതിയെ ആവശ്യക്കാർ എന്ന വ്യാജേന വിളിച്ചു വരുത്തിയാണ് അറസ്റ്റ് ചെയ്തത്. രണ്ട് കിലോ കഞ്ചാവും പ്രതിയിൽനിന്ന് പിടികൂടി.
കണ്ണൂരിൽനിന്നു ജോലി തേടി എറണാകുളത്തെത്തിയ പ്രതി ഓട്ടോ ഓടിക്കുന്നതിനിടെയാണ് കഞ്ചാവ് വില്പന ആരംഭിച്ചത്. ചെറിയ പൊതികളിൽ സൗത്ത് റെയിൽവേ സ്റ്റേഷൻ ഭാഗത്ത് നിന്നു വാങ്ങുന്ന കഞ്ചാവ് ഉപയോഗിച്ച ശേഷം ബാക്കിയാണ് തുടക്കത്തിൽ വിറ്റിരുന്നത്. പിന്നീട് 500 രൂപ മുതൽ 1000 രൂപ വരെയുള്ള പൊതികൾ ഓട്ടോയിൽ കൊണ്ടുനടന്നു വില്പന ആരംഭിച്ചു. ആവശ്യക്കാർ കൂടിയതോടെ ഓട്ടോറിക്ഷ ഉപേക്ഷിച്ച് തട്ടുകട തുടങ്ങി.
ഇവിടെ രാത്രിയും പകലും ഭക്ഷണം കഴിക്കാനെന്ന വ്യാജേനയാണു കഞ്ചാവ് ആവശ്യമുള്ളവർ എത്തിയിരുന്നത്. കഞ്ചാവ് തേടി എത്തുന്നവരുടെ എണ്ണം വർധിച്ചതോടെ ഇന്നോവ, ഡസ്റ്റർ തുടങ്ങിയ ആഡംബര കാറുകൾ വാടകയ്ക്ക് എടുത്ത് കന്പം, തേനി എന്നിവിടങ്ങളിൽ നിന്ന് എറണാകുളത്തേക്ക് കഞ്ചാവ് നേരിട്ട് കടത്തിക്കൊണ്ടുവന്ന് വില്പന തുടങ്ങി.
ചെക്ക് പോസ്റ്റുകളിൽ പിടിക്കപ്പെടാതിരിക്കാൻ സ്ത്രീകളെയാണ് വാഹനങ്ങളുടെ മുൻ സീറ്റിൽ ഇരുത്തിയിരുന്നത്. പരിശോധന കർശനമാക്കിയതോടെ കഞ്ചാവ് കടത്ത് ട്രെയിൻ മാർഗമാക്കി. കൊച്ചി നഗരത്തിൽ വിവിധ ഭാഗങ്ങളിൽ മുറികൾ വാടകയ്ക്ക് എടുത്താണ് ഇപ്പോൾ പ്രതി കഞ്ചാവ് വില്പന നടത്തിയിരുന്നതെന്ന് തിരിച്ചറിഞ്ഞതായി എക്സൈസ് അധികൃതർ പറഞ്ഞു.
വിശ്വസ്തരായ ചില്ലറ വിൽപ്പനക്കാർക്കു മാത്രമായിരുന്നു നേരിട്ട് കഞ്ചാവ് എത്തിച്ചിരുന്നത്. പുതിയ ആവശ്യക്കാർക്ക് ഇയാളുടെ ഏജന്റുമാർ മുഖാന്തിരമാണ് വിൽപ്പന. ഇത്തരം ഏജന്റുമാർക്ക് മാസ ശന്പളവും മയക്കുമരുന്നും അടക്കമുള്ള വൻ പ്രതിഫലമാണു നൽകിയിരുന്നത്.
ഓരോ മാസവും വേഷത്തിലും രൂപത്തിലും മാറ്റം വരുത്തി ആർക്കും സംശയം തോന്നാത്ത രീതിയിലാണു കഞ്ചാവ് വിൽപ്പന നടത്തിവന്നിരുന്നത്. സ്ഥിരമായി ഒരു വീട്ടിലും ഇയാൾ താമസിക്കാറില്ലായിരുന്നുവെന്നും അധികൃതർ പറയുന്നു. പ്രിവൻറീവ് ഓഫീസർ എ.എസ്. ജയൻ, പി.എക്സ്. റൂബൻ, എം.എം. അരുണ് വിപിൻദാസ്, ചിത്തിര, ഡ്രൈവർ പ്രദീപ് കുമാർ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.