തിരുവനന്തപുരം: കഴിഞ്ഞ ദിവസം വൻ കള്ളനോട്ടടി സംഘത്തെ അറസ്റ്റ് ചെയ്ത സംഭവത്തിൽ കള്ളനോട്ട് നിർമാണവും വിതരണവും നടത്തിയിരുന്നത് മുഖ്യപ്രതി ആഷിക് തോന്നയ്ക്കൽ (35) എന്നറിയപ്പെടുന്ന ആഷിക് ഹുസൈനെന്ന് പോലീസ്.
കള്ളനോട്ട് വിതരണത്തിന് ജീവകാരുണ്യ പ്രവർത്തനങ്ങളെ മറയാക്കിയിരുന്നുവെന്നുവെന്നാണ് പോലീസിന്റെ നിഗമനം. ഇയാളുടെ ബന്ധങ്ങളെക്കുറിച്ച് വിശദമായി അന്വേഷിച്ച് വരികയാണെന്ന് വർക്കല പോലീസ് പറഞ്ഞു.
കഴിഞ്ഞ ആറ് മാസക്കാലമായി കള്ളനോട്ട് നിർമാണവും വിതരണവും നടത്തി വരികയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ 2000, 500 രൂപയുടെ കള്ളനോട്ടുകൾ ആഷിക്കിന്റെ നേതൃത്വത്തിലുള്ള പ്രതികൾ വിതരണം ചെയ്ത് വന്നിരുന്നതായി അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി.
റിമാന്റിൽ കഴിയുന്ന പ്രതികളെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യുന്പോൾ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് പോലീസിന്റെ കണക്കുകൂട്ടൽ. ആഷിക്കിന്റെ പിന്നിൽ വേറെയും കൂട്ടാളികൾ ഉണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്.
എട്ട് ലക്ഷം രൂപയുടെ കള്ളനോട്ടുകളുമായി കാട്ടായിക്കോണം മേലെവിളയിൽ വാടകയ്ക്ക് താമസിക്കുന്ന ആഷിക് ഹുസൈൻ, കൊയ്ത്തൂർക്കോണത്തു നിന്നും വർക്കല രാമന്തളി സബീന മൻസിലിൽ
താമസിക്കുന്ന മുഹമ്മദ് ഹനീഫ (23), അയിരൂർ വില്ലികടവ് പാലത്തിന് സമീപം ശ്രീനിലയത്തിൽ അച്ചു ശ്രീകുമാർ (20) എന്നിവരെയാണ് വർക്കല പോലീസ് അറസ്റ്റ് ചെയ്തത്.
ആഷിക്കിന്റെ കാട്ടായിക്കോണത്തെ വീട്ടിൽ നിന്നും കള്ളനോട്ട് നിർമ്മിക്കാൻ ഉപയോഗിച്ച പേപ്പർ, പ്രിന്റർ, മഷി ഉൾപ്പെടെയുള്ള സാധനങ്ങളും എട്ട് രൂപയുടെ കള്ളനോട്ടുകളും പോലീസ് പിടിച്ചെടുത്തിരുന്നു.
വർക്കല പാപനാശം പ്രദേശത്ത് വ്യാപകമായി കള്ളനോട്ട് പ്രചരിക്കുന്ന പരാതിയിൽ വർക്കല പോലീസ് നടത്തിയ അന്വേഷണത്തിൽ വർക്കലയിലെ ഒരു റിസോർട്ടിൽ വച്ച് കള്ളനോട്ടുകൾ വിതരണം ചെയ്യവേ മുഹമ്മദ് ഹനീഫയെയും അച്ചുവിനെയും പോലീസ് പിടികൂടുകയായിരുന്നു.
ഇവരിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മുഖ്യപ്രതി ആഷിക്കാണെന്ന് വ്യക്തമായത്. നാൽപ്പതിനായിരം രൂപയുടെ ഒറിജിനൽ നോട്ടുകൾ പ്രതികൾക്ക് നൽകുന്പോൾ ഒരു ലക്ഷം രൂപയുടെ കള്ളനോട്ടുകൾ നൽകിയാണ് ഇവർ ഇടപാടുകൾ നടത്തി വന്നിരുന്നതെന്ന് പോലീസ് പറഞ്ഞു.
ചില ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന സംഘടനകൾക്ക് ഇവർക്കുമായി ബന്ധമുണ്ടെന്ന സൂചനകളുടെ അടിസ്ഥാനത്തിൽ ആ വഴിക്കും അന്വേഷണം നടത്തുന്നുണ്ടെന്ന് പോലീസ് പറഞ്ഞു.