അടിമാലി: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കനിവ് 108 ആംബുലൻസിനുള്ളിൽ യുവതിക്ക് സുഖപ്രസവം.
മധ്യപ്രദേശ് വികാസ് ഖണ്ഡ് സ്വദേശിയും മുട്ടുക്കാട് തോട്ടം തൊഴിലാളിയുമായ നവൽ സിങ്ങിന്റെ ഭാര്യ രജനി (22) ആണ് ആംബുലൻസിനുള്ളിൽ പെണ്‍കുഞ്ഞിന് ജൻമം നൽകിയത്.
ഇന്നലെ രാവിലെ എട്ടോടെ രജനിക്ക് വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് അയൽക്കാർ 108 ആംബുലൻസിന്റെ സേവനം തേടുകയായിരുന്നു.
കൺ ട്രോൾ റൂമിൽനിന്ന് ഉടൻതന്നെ അത്യാഹിത സന്ദേശം രാജാക്കാട് സാമൂഹികാരോഗ്യ കേന്ദ്രത്തിന് കീഴിൽ സർവീസ് നടത്തുന്ന കനിവ് 108 ആംബുലൻസിലേക്ക് കൈമാറുകയും എമർജൻസി മെഡിക്കൽ ടെക്നീഷൻ ആഷ്ലി ജോസഫ്, പൈലറ്റ് ലിനു സ്റ്റീഫൻ എന്നിവർ സ്ഥലത്തെത്തുകയും ചെയ്തു.
ആഷ്ലി നടത്തിയ പരിശോധനയിൽ രജനിയുടെ ആരോഗ്യനില മോശമാണെന്ന് മനസിലാക്കി ഉടൻതന്നെ ഇവരെ ആംബുലൻസിലേക്ക് മാറ്റി.
ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കൂന്പൻപാറയിൽ എത്തിയപ്പോൾ യുവതിയുടെ നില കൂടുതൽ വഷളാകുകയും ആഷ്ലിയുടെ പരിശോധനയിൽ പ്രസവം എടുക്കാതെ മുന്നോട്ടുപോകാൻ കഴിയാത്ത അവസ്ഥയാണെന്നും കണ്ടെത്തി ഇതിനുവേണ്ട സജ്ജീകരണങ്ങൾ ഒരുക്കി.
പത്തരയോടെ ആഷ്ലിയുടെ പരിചരണത്തിൽ രജനി പെണ്‍കുഞ്ഞിന് ജന്മം നൽകുകയായിരുന്നു. പ്രഥമ ശുശ്രൂഷ നൽകിയശേഷം അമ്മയെയും കുഞ്ഞിനെയും അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
ഏഴാംമാസത്തെ പ്രസവമായതിനാൽ ഉടൻതന്നെ കുഞ്ഞിനെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റിയതായി ആശുപത്രി അധികൃതർ അറിയിച്ചു.