കോഴിക്കോട്: ജയില്മാറ്റത്തതില് ക്ഷുഭിതനായ മോഷ്ടാവ് കോടതിയുടെ ചില്ല് അടിച്ച് തകര്‍ത്തു. കുപ്രസിദ്ധ മോഷ്ടാവ് താമരശേരി അമ്പായത്തോട് സ്വദേശി അമ്പാലക്കുന്നുമ്മല് എ.കെ. ആഷിഖാണ് കോഴിക്കോട് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടെ ചില്ല് തകര്‍ത്തത്.
സംഭവത്തില്‍ കോടതിയുടെ പരാതി പ്രകാരം ടൗണ്‍പോലീസ് കേസെടുത്തു. പൊതുമുതല്‍ നശിപ്പിച്ചതിനെതിരേയാണ് കേസ്. ഇന്നലെ പകല്‍ മൂന്നോടെയാണ് സംഭവം.
ജില്ലാ ജയിലില്‍ കഴിയുന്ന ആഷിഖിനെ ടൗണ്‍സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് കോടതിയില്‍ ഹാജരാക്കിയത്. മജിസ്ട്രേറ്റ് കേസ് വിളിച്ചതിനെ തുടര്‍ന്ന് ആഷിഖിനെ പോലീസ് കോടതിക്കുള്ളിലേക്ക് എത്തിച്ചു.
വാദത്തിന് ശേഷം തന്നെ ഇപ്പോള്‍ താമസിക്കുന്ന ജയിലില്‍ നിന്ന് മാറ്റണമെന്ന് ആഷിഖ് കോടതിയെ ബോധിപ്പിച്ചു. ഇക്കാര്യം പിന്നീട് പരിഗണിക്കാമെന്ന് കോടതി അറിയിക്കുകയായിരുന്നുവെന്നും ഇതില്‍ പ്രകോപിതനായാണ് ആഷിഖദ് ചില്ല് തകര്‍ത്തതെന്നും ടൗണ്‍ പോലീസ് പറഞ്ഞു.
ചില്ല്കൊണ്ട് മുറിവേറ്റ ആഷിഖിനെ പോലീസ് ബീച്ച് ആശുപത്രിയിലെത്തിച്ച് ചികിത്സ നല്കി. തുടര്‍ന്ന് വീണ്ടും ജയിലില്‍ എത്തിക്കുകയായിരുന്നു.
നഗരത്തിലെ കുപ്രസിദ്ധ മോഷ്ടാക്കളിലൊരാളായ ആഷിഖ് മയക്കുമരുന്നിന് അടിമയാണെന്നും പോലീസ് അറിയിച്ചു. കസബ, ടൗണ്‍ പോലീസ് പിരിധിയില്‍ ആഷിക്കിനെതിരേ കേസുകള്‍ നിലവിലുണ്ട്. പിടിച്ചുപറി, കവര്‍ച്ച എന്നീ കേസുകളിലാണ് പ്രധാനമായും ഉള്‍പ്പെട്ടത്.
ആഷിഖിനെ കുറിച്ച് പോലീസുകാര്‍ക്കിടയില്‍ വരെ “ഭീകര’നെന്നാണ് അറിയപ്പെട്ടിരുന്നത്. ചെറുപ്രായം മുതല്‍ തന്നെ കോഴിക്കോട് നഗരത്തിലായിരുന്നു താമസിച്ചിരുന്നത്.
മയക്കുമരുന്നിനടിമായ ഇയാള്‍ നിരവധി കേസുകളിലെ പ്രതിയാണ്. എന്നാല്‍ പലപ്പോഴും പോലീസുകാര്‍ക്ക് ഭയമായിരുന്നുവെന്നാണ് പറയുന്നത്.
എയ്ഡ്സ് രോഗിയെന്ന് സ്വയം പരിചയപ്പെടുത്തിയാണ് കവര്‍ച്ചക്കാരിലെ വ്യത്യസ്തനായി മാറിയത്. പിടികൂടാന്‍ വരുന്ന പോലീസുകാര്‍ക്കു മുന്നില്‍ വച്ച് കൈയില്‍ കരുതിയ ബ്ലേഡ്കൊണ്ട് സ്വന്തം ശരീരത്തില്‍ മുറിവേല്‍പ്പിക്കുകയും ആ രക്തം പോലീസുകാരുടെ ദേഹത്താക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പലപ്പോഴും രക്ഷപ്പെടാറുള്ളത്.
എയ്ഡ്സ് രോഗിയെന്ന് പറഞ്ഞ് രക്തം ദേഹത്താക്കുമെന്ന ഭീഷണിയ്ക്കു മുന്നില്‍ പോലീസുകാരും കീഴടങ്ങുകയാണ് പതിവ്. സ്വയം കീറിമുറിച്ച് 150 ഓളം ഉണങ്ങിയ മുറിപ്പാടുകളാണ് ആഷിഖിന്റെ ശരീരത്തിലുള്ളത്.
സ്റ്റേഷനിലെ ലോക്കപ്പിലിട്ടാലും ഇയാള്‍ ഭിത്തിയില്‍ തലയടിച്ച് പൊട്ടിക്കുക പതിവാണ്. ലോക്കപ്പ് മര്‍ദനമെന്ന് വരുത്തി തീര്‍ക്കും വിധത്തിലാണ് പോലീസ് സ്റ്റേഷനില്‍ നിന്ന് പെരുമാറുന്നത്. അതിനാല്‍ പിടികൂടിയാല്‍ തന്നെ പോലീസിന് ചോദ്യം ചെയ്യാനോ മറ്റൊന്നിനും സാധിക്കാറില്ല.
അനാശാസ്യം നടത്തുന്ന സ്ത്രീകളെ ഉപയോഗിച്ച് കഞ്ചാവ് കച്ചവടം നടത്തുകയും അസമയത്ത് യാത്ര ചെയ്യുന്നവരെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയും ഉപദ്രവിച്ചും പണവും മൊബൈലും മറ്റും കവരുന്നത് ആഷിഖിന്റെ സ്ഥിരം “വിനോദ’മാണ്.
കോഴിക്കോട് ജില്ലയില്‍ നിരവധി സ്റ്റേഷനില്‍ കേസുള്ള ഇയാള്‍ താമരശേരി പോലീസ് വാറണ്ട് കേസില്‍ പിടികൂടാന്‍ വന്നപ്പോള്‍ കത്തി കാട്ടി രക്ഷപ്പെട്ടിട്ടുണ്ട്.