ആക്രമിക്കപ്പെട്ട നടിക്കെതിരെ പരാമര്‍ശം നടത്തിയ പിസി ജോര്‍ജ് എംഎല്‍എയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സംവിധായകന് ആഷിഖ് അബു. നാലഞ്ചുപേര് ഒന്നുറക്കെ മുദ്രാവാക്യം വിളിച്ചപ്പോ തോക്കെടുത്ത ‘ധൈര്യശാലി ‘യായ ജനപ്രതിനിധിയാണ് ശ്രീമാന്‍ ജോര്‍ജെന്ന് ആഷിഖ് അബു പറഞ്ഞു. ആ തോക്ക് അദ്ദേഹം താഴെ വെക്കാറില്ല, ടിവി കാമറക്ക് മുന്നിലും കവലകളിലും സാമൂഹ്യ മാധ്യമങ്ങളിലും ‘തോക്ക് ‘ നിരന്തരം, നിര്‍ലോഭം നിറയൊഴിച്ചുകൊണ്ടിരിക്കുന്നു. ആ തോക്കിന്റെ ധൈര്യത്തിലാണ് പൂഞ്ഞാര്‍ വിപ്ലവകാരിയുടെ ആക്രോശങ്ങള്‍.
എത്രകാലം പ്രബുദ്ധകേരളം ഈ കളികണ്ടുകൊണ്ടിരിക്കും എന്നത് കൗതുകമുള്ള കാര്യമാണെന്നും സംവിധായകന് വ്യക്തമാക്കി. ഫേസ്ബുക്കിലൂടെയായിരുന്നു ആഷിഖ് അബുവിന്റെ പ്രതികരണം. പിസി ജോര്‍ജ് എംഎല്‍എ നടത്തിക്കൊണ്ടിരിക്കുന്ന അപകീര്‍ത്തിപരമായ സന്ദേശങ്ങള്‍ക്കെതിരെ ആക്രമിക്കപ്പെട്ട നടി മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. പിസി ജോര്‍ജിന്റെ അധിക്ഷേപങ്ങള്‍ കേസിനെ ബാധിക്കുമെന്ന് ആശങ്ക രേഖപ്പെടുത്തിയാണ് കത്ത്. എന്നാല്‍ പരാമര്‍ശത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് പിസി ജോര്‍ജ്. തനിക്കെതിരെ കത്തല്ല എന്ത് കുന്തം കൊടുത്താലും പിന്നോട്ടില്ല. നടിയുടെ പരാതിയോടെ ദിലീപ് നിരപരാധിയെന്ന് തെളിഞ്ഞു. അന്വേഷണം ശരിയായ ദിശയിലല്ല മുന്നോട്ട് പോകുന്നത്. ദിലീപ് നിരപരാധിയാണെന്നും പിസി പറഞ്ഞിരുന്നു.