സ്വന്തം ലേഖകന്‍
കോഴിക്കോട്: വനിതാ കമ്മീഷന് അധ്യക്ഷ എം.സി.ജോസഫൈനെതിരേയുള്ള പരാമര്‍ശത്തിനിടെ ജയില്‍ ജീവനക്കാരെ മോശമായി ചിത്രീകരിച്ചതിന് സംവിധായകന് ആഷിക്ക് അബുവിനെതിരേ രൂക്ഷവിമര്‍ശനം.
വനിതാ കമ്മീഷന് അധ്യക്ഷ ക്രൂരമായ ജയില്‍ വാര്‍ഡനെ ഓര്‍മിപ്പിക്കുന്നുവെന്ന ആഷിക്ക് അബുവിന്റെ പരാമര്‍ശമാണ് ഇപ്പോള്‍ ജയില്‍ജീവനക്കാര്‍ വിവാദമാക്കിയത്.
സമൂഹമാധ്യങ്ങള്‍ വഴിയും മറ്റും ജീവനക്കാര്‍ ആഷിക്ക് അബുവിന്റെ പ്രസ്ഥാവനക്കെതിരേ രംഗത്തെത്തിയിട്ടുണ്ട്.
“ആഷിക്ക് അബു ഇതിനെ നിങ്ങള്‍ എങ്ങനെ ന്യായീകരിക്കും’ എന്ന പേരിലാണ് പ്രതിഷേധം ആളിക്കത്തുന്നത് .
“വനിതാ കമ്മീഷന് അധ്യക്ഷ രാജിവെച്ചു. ആ വിഷയത്തില്‍ നിങ്ങള്‍ രോഷം പ്രകടിപ്പിച്ചത് ഒരു വകുപ്പിനെയും അതിലെ ജീവനക്കാരെയും പരസ്യമായി അധിക്ഷേപിച്ചാണ്.
ഏത് അളവ് കോല് ഉപയോഗിച്ചാണ് താങ്കള്‍ ഞങ്ങളുടെ നിലവാരത്തെയും പ്രവര്‍ത്തനത്തെയും അളന്നത്. ഞങ്ങളും മനുഷ്യരാണ്. ആത്മാഭിമാനവും ചിന്താശേഷിയുള്ളവരും സമൂഹത്തില്‍ ഇടപെടല്‍ നടത്തുന്നവരുമാണ്.
ഒന്നു ചോദിച്ചോട്ടെ… എത്ര ജയില്‍ ജീവനക്കാരെ നിങ്ങള്‍ക്ക് പരിചയമുണ്ട് . നിങ്ങള്‍ പറഞ്ഞ രീതിയിലുള്ള ഒരു ജീവനക്കാരനെ കാണിച്ച് തരാന്‍ കഴിയുമോ?
ജനങ്ങള്‍ അംഗീകരിക്കുന്ന വ്യക്തി എന്ന നിലയില്‍ അല്പം കൂടി ഉയര്‍ന്ന ചിന്ത നിങ്ങളില്‍ നിന്ന് പ്രതിക്ഷിച്ചോട്ടെ… അത് അതിമോഹമല്ലെന്ന് തെളിയിക്കേണ്ട ബാധ്യത നിങ്ങള്‍ക്ക് മാത്രമാണ്.
ഈ വിഷയത്തില്‍ ഉപമിക്കാന്‍ നിങ്ങള്‍ എന്തേ നിങ്ങള്‍ ജോലി ചെയ്യുന്ന മേഖലയിലെ പുഴുകുത്തുകളെ ഒഴിവാക്കി ജയില്‍ വകുപ്പിനെ തെരഞ്ഞെടുത്തത്.
സെലിബ്രിറ്റി ആയത് കൊണ്ട് എന്തും വിളിച്ചു പറഞ്ഞ് കൈയടി നേടരുത്. അത് താങ്കളുടെ നിലപാടുകളെ അംഗീകരിക്കുന്നവര്‍ക്ക് പ്രയാസമുണ്ടാക്കും.
പഠിച്ച് പരീക്ഷ എഴുതി പാസായി കൃത്യമായി ട്രെയിനിംഗ് കഴിഞ്ഞ് മാന്യമായി ജോലി ചെയ്ത് കുടുംബം പോറ്റുന്നവരാണ്.
ഒരു കുടുംബത്തിന് ഉണ്ടായ മാനസിക പ്രയാസത്തിന് നിങ്ങള്‍ ശബ്ദിച്ചപ്പോള്‍ ഞങ്ങളുടെ കുടുംബത്തിന് ഉണ്ടായ മാനസിക പ്രയാസത്തിന് എന്ത് മറുപടി പറയും.
നിങ്ങള്‍ ജോലി ചെയ്യുന്ന മേഖലയിലെയും സൂഹത്തിലെ മറ്റ് മേഖലയിലെയും തെറ്റ് ചെയ്തവരെന്ന് അരോപിച്ച് ജയിലില്‍ അടക്കപെട്ടവരെയും, ശിക്ഷിക്കപെട്ടവരെയും സഹോദരതുല്ല്യം കണക്കാക്കി ഇടപെടല്‍ നടത്തുന്നവരാണ് ഞങ്ങള്‍.
ജയിലിനെയും ജീവനക്കാരെയും പറ്റി മനസിലാക്കാനും തെറ്റിദ്ധാരണ തിരുത്താനും സ്നേഹത്തോടെ ക്ഷണിക്കുന്നതായും’ ജീവനക്കാര്‍ വ്യക്തമാക്കി.