വേട്ടപ്പട്ടികള്‍ കുരച്ചുകൊണ്ടേയിരിക്കട്ടെ! എന്നെ അതൊന്നും ബാധിക്കാറില്ല; തന്റെ പുതിയ ചിത്രത്തിന് നേരെ സോഷ്യല്‍മീഡിയയിലൂടെയുള്ള ആക്രമണത്തെക്കുറിച്ച് സംവിധായകന്‍ ആഷിഖ് അബു പറയുന്നതിങ്ങനെ

ആഷിഖ് അബു സംവിധാനം ചെയ്ത മായാനദി മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുന്നതിനിടെ സിനിമയെക്കുറിച്ച് മനസു തുറന്ന് സംവിധായകന്‍. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സിനിമയെക്കുറിച്ചും സിനിമയ്ക്കെതിരായ സൈബര്‍ ആക്രമണങ്ങളെക്കുറിച്ചും ആഷിഖ് അബു പ്രതികരിച്ചത്. സോഷ്യല്‍ മീഡിയയിലെ ആക്രമണങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് വേട്ടപ്പട്ടികള്‍ കുരയ്ക്കട്ടെ എന്നായിരുന്നു ആഷിഖിന്റെ മറുപടി.

പഠിക്കുന്ന കാലത്ത് വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ സജീവമായിരുന്നതിനാല്‍ അതൊന്നും തന്നെ ബാധിക്കാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കസബ സിനിമയെക്കുറിച്ച് പാര്‍വതി പറഞ്ഞത് സ്വതന്ത്രമായ നിലപാടുകളാണെന്നും കലാകാരന് സമൂഹത്തോടുള്ള ഉത്തരവാദിത്വത്തെക്കുറിച്ചാണ് അവര്‍ സംസാരിച്ചതെന്നും ആഷിഖ് പറഞ്ഞു. അത് വ്യക്തിപരമായ ആക്ഷേപമല്ലെന്നും സംവിധായകന്‍ പറഞ്ഞു. നേരത്തെ സിനിമ ഇറങ്ങുന്നതിന് മുന്‍പ് ആഷിഖ് അബുവിന്റെ സിനിമ ബഹിഷ്‌കരിക്കാന്‍ വലിയ തോതിലുള്ള പ്രചരണമായിരുന്നു സോഷ്യല്‍ മീഡിയയില്‍ നടന്നിരുന്നത്.

കസബ സിനിമയിലെ സ്ത്രീ വിരുദ്ധമായ സംഭാഷണങ്ങളും രംഗങ്ങളും ചൂണ്ടിക്കാണിച്ച നടി പാര്‍വതിയെ ആഷിഖ് അബുവിന്റെ ഭാര്യയായ നടി റിമ കല്ലിങ്കല്‍ പിന്തുണച്ചിരുന്നു. ഇതിന്റെ പേരിലായിരുന്നു ആഷിഖ് അബുവിനെതിരെയും മായാനദിയ്ക്കെതിരെയും ചിലര്‍ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപവുമായി രംഗത്തെത്തിയത്. ഈ സാഹചര്യത്തിലാണ് വേട്ടപ്പട്ടികള്‍ കുരച്ചുകൊണ്ടേയിരിക്കട്ടെയെന്ന് ആഷിഖ് അബു പറഞ്ഞത്.

 

 

Related posts