നിങ്ങളുടെ ചോദ്യങ്ങള്‍ ‘കാലികപ്രസക്തമാണ്’! ഒരു പൊതുവേദിയില്‍ ഇത് ചര്‍ച്ച ചെയ്താലോ; നിയമസഭയില്‍ യുക്തിയ്ക്ക് നിരക്കാത്തവ വിളിച്ചു പറഞ്ഞ ജനപ്രതിനിധികളോട് സംവിധായകന്‍ ആഷിഖ് അബു പറയുന്നു

പ്രളയക്കെടുതിയെക്കുറിച്ചും അതിനെ തരണം ചെയ്യാനുള്ള മാര്‍ഗങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്യുന്നതിനായി ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ ജനപ്രതിനിധികളായ പലരും പറഞ്ഞ അഭിപ്രായങ്ങളും കുറ്റപ്പെടുത്തലുകളും പ്രളയത്തേക്കാള്‍ വലിയ ദുരന്തമായിരുന്നു എന്നാണ് ഇപ്പോഴുള്ള ജനസംസാരം.

സംവിധായകന്‍ ആഷിഖ് അബു ഇക്കാര്യം, തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ തുറന്ന് പറയുകയും ചെയ്തു. സമ്മേളനത്തിനുശേഷം പുറത്തിറങ്ങിയ പല പത്രങ്ങളും ഇക്കാര്യം പറയാതെ പറയുകയും ചെയ്തു. ഒരു പത്രത്തില്‍ പരിഹാസ രൂപേണ വന്ന ക്ലിപ്പ് എടുത്തുപയോഗിച്ചുകൊണ്ടാണ് ആഷിഖ് അബു പരിഹാസം ഉന്നയിച്ചിരിക്കുന്നത്.

യുക്തിയ്ക്ക് നിരക്കാത്ത കാര്യങ്ങളാണ് ജനപ്രതിനിധികളില്‍ പലരും ചര്‍ച്ചയ്ക്കിടിയില്‍ വിളിച്ച് പറഞ്ഞതും. ക്വാറി ഉണ്ടായിട്ടും മഴ പെയ്തല്ലോ, വനത്തിലെങ്ങനെ ഉരുള്‍പൊട്ടി, പ്ലംജൂഡി പൊളിച്ചു മാറ്റിയിട്ട് കാര്യമില്ല, പ്രകൃതിയുടെ വിധി തടുക്കാനാവില്ല തുടങ്ങി വലിയ മണ്ടത്തരങ്ങളായിരുന്നു ജനപ്രതിനിധികള്‍ പറഞ്ഞത്.

ഇതേക്കുറിച്ച് ആഷിഖ് അബു പറഞ്ഞതിങ്ങനെ…

പ്രിയ ജനപ്രതിനിധികളെ, നിങ്ങളുടെ ഈ ചോദ്യങ്ങള്‍ വളരെ ‘ കാലികപ്രസക്തമാണ് ‘. നമുക്കൊരു പൊതുവേദിയില്‍ ഇത് ചര്‍ച്ച ചെയ്താലോ? അഭ്യര്‍ത്ഥനയാണ്. ചര്‍ച്ച സംഘടിപ്പിക്കുന്ന കാര്യം വ്യക്തിപരമായി ഏറ്റെടുക്കുന്നു. സമ്മതമെങ്കില്‍ ചര്‍ച്ച മോഡറേറ്റ് ചെയ്യാനും തയ്യാര്‍!

Related posts