പത്തനാപുരം: പോലിസ് ജീപ്പ് വരുന്നത് കണ്ട് ഭയന്നോടിയ വിദ്യാർഥി വൈദ്യുത വേലിയിൽ നിന്ന് ഷോക്കേറ്റ് മരിച്ചു. പാടം ആഷിക്ക് മൻസിലിൽ സുലൈമാൻ ഷീന ദമ്പതികളുടെ മകൻ ആഷിക്ക്(19)ആണ് മരിച്ചത്.ഇന്നലെ രാത്രി 11 ഓടെയാണ് സംഭവം.
പാടം ജംഗ്ഷനിലെ വെയ്റ്റിംഗ് ഷെഡിൽ സുഹൃത്തുക്കൾക്കൊപ്പം കാരംസ് കളിക്കുകയായിരുന്നു ആഷിക്.ദൂരെ നിന്നും പോലീസ് ജീപ്പ് വരുന്നതു കണ്ട് എല്ലാവരും ഓടി.വന്യമൃഗശല്യത്തിൽ നിന്നും രക്ഷയ്ക്കായി കർഷകനായ വ്യക്തി സ്ഥാപിച്ചിരുന്ന വൈദ്യുത വേലിയിൽ കുടുങ്ങി ആഷിക്കിന് ഷോക്കേൽക്കുകയായിരുന്നു.
നാട്ടുകാരും ബന്ധുക്കളും ചേർന്ന് പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സമീപ പ്രദേശമായ മാങ്കോട്ട് സ്കൂൾ ഗ്രൗണ്ടിൽ ഇന്നലെ ഫുട്ബോൾ കളിയെ ചൊല്ലി എ ഐ എസ്എഫ്, എസ്ഡിപിഐ പ്രവർത്തകർ തമ്മിൽ വാക്കേറ്റവും സംഘർഷവുമുണ്ടായിരുന്നു. ഇതിന്റെ പേരിൽ പത്തോളം പേർക്കെതിരെ പോലീസ് കേസെടുത്തിരുന്നു..ഇതിന്റെ ഭാഗമായി പ്രദേശത്ത് പോലീസ് കാവലേർപ്പെടുത്തിയിരുന്നു.
നൈറ്റ് പട്രോളിംഗ് നടത്തിയ പോലീസിനെ കണ്ട് ഭയന്നോടുകയായിരുന്നു ആഷിക്കും സുഹൃത്തുക്കളും. ഡിഗ്രി വിദ്യാർഥിയായിരുന്നു ആഷിക്. ആഷിനയാണ് സഹോദരി .മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ. പത്തനാപുരം പോലീസ് കേസെടുത്തു.അനധികൃതമായി വൈദ്യുതി വേലി സ്ഥാപിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധത്തിലാണ്.