മട്ടന്നൂർ: സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജന്റെ മകൻ ആശിഷ് പി.രാജ് പോലീസ് സ്റ്റേഷനിൽ കയറി അപമര്യാദയായി പെരുമാറിയെന്ന് എഎസ്ഐയുടെ പരാതിയിൽ മട്ടന്നൂർ സിഐ എ.വി. ജോൺ അന്വേഷണം തുടങ്ങി. ആശിഷ് പി.രാജിനെ പോലീസ് കൈയേറ്റം ചെയ്തെന്ന പരാതിയിൽ പോലീസ് ഇന്ന് ആശിഷിന്റെ മൊഴിയുമെടുക്കും. രണ്ട് പരാതികളുടെയും അന്വേഷണ റിപ്പോർട്ട് ഇരിട്ടി ഡിവൈഎസ്പി പ്രജീഷ് തോട്ടത്തിലിന്റെ മുൻപാകെ സമർപ്പിക്കും.
വിദ്യാർഥിനികൾ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാൻ പോലീസ് സ്റ്റേഷനിലെ ടോയ്ലറ്റ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടെത്തിയ തന്നെ പോലീസ് കൈയേറ്റം ചെയ്യാൻ ശ്രമിച്ചെന്ന് ആശിഷ് പി.രാജും പരാതി നൽകിയിരുന്നു. ഇന്നലെ രാവിലെ എട്ടരയോടെ മട്ടന്നൂർ പോലീസ് സ്റ്റേഷനിലായിരുന്നു സംഭവം.
ഭോപ്പാലിൽ എൻസിഇആർടിയുടെ നേതൃത്വത്തിൽ നടന്ന ‘കലാ ഉത്സവ്’ തനത് മഹോത്സവത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന കണ്ണൂർ ജില്ലയിലെ ഒരു സ്കൂളിലെ സംഘത്തോടൊപ്പം എത്തിയതായിരുന്നു ആശിഷ് പി.രാജ്. പിതൃസഹോദരിയും മുൻ എംപിയുമായ പി.സതീദേവിയുടെ മകൾ ഉൾപ്പെടെ എട്ടു വിദ്യാർഥിനികളും രണ്ട് അധ്യാപകരുമടക്കം 11 പേരാണ് സംഘത്തിലുണ്ടായിരുന്നത്.
ബംഗളൂരുവിൽനിന്ന് ടൂറിസ്റ്റ് ബസിൽ എത്തിയ സംഘം മട്ടന്നൂർ പോലീസ് സ്റ്റേഷന് മുന്നിൽ ഇറങ്ങുകയായിരുന്നു. രണ്ട് വിദ്യാർഥിനികൾക്കും അധ്യാപികയ്ക്കും ടോയ്ലറ്റിൽ പോകേണ്ടതിനാൽ സ്റ്റേഷനിൽ എത്തി സൗകര്യമൊരുക്കിത്തരണമെന്ന് ആവശ്യപ്പെടുകയായിരുന്നുവെന്ന് ആശിഷ് പി.രാജ് പറയുന്നു. ഈ സമയം സ്റ്റേഷനിലുണ്ടായിരുന്ന എഎസ്ഐ മനോജ് ബസ്സ്റ്റാൻഡിൽ പൊതുജനങ്ങൾക്കുള്ള കംഫർട്ട് സ്റ്റേഷൻ ഉണ്ടെന്നും അവിടേക്ക് പോകാൻ പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും ഇതിനിടെ തന്റെ ഷർട്ടിന്റെ കോളർ പിടിച്ചുവലിച്ചെന്നുമാണ് ആശിഷിന്റെ പരാതി.
എന്നാൽ, കൂടെയുള്ളവർക്ക് പ്രാഥമിക ആവശ്യം നിർവഹിക്കാൻ സൗകര്യം ആവശ്യപ്പെട്ട് സ്റ്റേഷനിൽ എത്തിയ ആശിഷ് പി.രാജിനോട് തൊട്ടടുത്ത് നഗരസഭയുടെ കംഫർട്ട്സ്റ്റേഷൻ ഉണ്ടെന്നും അവിടേക്ക് പോകാൻ നിർദേശിക്കുകയും ചെയ്തപ്പോൾ തട്ടിക്കയറുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഈ സമയം പോലീസ് സ്റ്റേഷനിൽ വധശ്രമക്കേസിൽ കസ്റ്റഡിയിലെടുത്ത രണ്ടുപേർ ഉണ്ടായിരുന്നു. അതിനാൽ, അപരിചിതരായ ആളുകളെ സ്റ്റേഷനിൽ പ്രവേശിപ്പിക്കാൻ സുരക്ഷാപ്രശ്നം കാരണം സാധിക്കില്ലായിരുന്നുവെന്ന് പോലീസ് വിശദീകരിക്കുന്നു.
സംഭവത്തെ തുടർന്നുണ്ടായ വാക്ക് തർക്കത്തിനിടെ സ്റ്റേഷനിലെത്തിയ അഡീഷണൽ എസ്ഐ പരാതിയുണ്ടെങ്കിൽ സിഐക്ക് എഴുതി നൽകാൻ ആവശ്യപ്പെടുകയായിരുന്നു. പരാതി നൽകി ആശിഷ് മടങ്ങിയശേഷമാണ് പി.ജയരാജന്റെ മകനാണെന്ന് പോലീസുകാർക്ക് മനസിലായതത്രെ.