ഐപിഎസ് ചമഞ്ഞ് എയര്‍ ഫോഴ്സ് ഉദ്യോഗസ്ഥനെ കബളിപ്പിച്ച് വിവാഹം കഴിക്കുകയും ജോലി വാങ്ങി നല്‍കാമെന്ന് വാഗ്ദാനം നല്കി നിരവധി പേരില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുക്കുകയും ചെയ്ത കേസില്‍ യുവതി അറസ്റ്റിലായി. കോട്ടയം കുമാരനല്ലൂര്‍ കുക്കു നിവാസില്‍ മോഹനന്റെ മകള്‍ ആഷിത (24)യെയാണ് വൈക്കം പോലീസ് അറസ്റ്റു ചെയ്തത്. വിജിലന്‍സില്‍ ലോ ആന്‍ഡ് ഓര്‍ഡര്‍ ഓഫീസറാണെന്ന് ധരിപ്പിച്ച് ഒന്നേകാല്‍ വര്‍ഷമായി ആഷിത പാലക്കാട് വാടകയ്ക്ക്് താമസിച്ചു വരികയായിരുന്നു. കോയമ്പത്തൂരില്‍ വിജിലന്‍സ് കമ്മീഷണര്‍ ഓഫീസിലെ ഉദ്യോഗസ്ഥയാണെന്നും നളന്ദലക്ഷ്മിയെന്നാണ് പേരെന്നും നാട്ടുകാരെ വിശ്വസിപ്പിച്ചു. കൂട്ടത്തില്‍ അച്ഛനും അമ്മയും ഉണ്ടായിരുന്നു. എന്നാല്‍, അവര്‍ ആശ്രിതരെന്നാണ് നാട്ടുകാരോട് പറഞ്ഞതെന്ന് പോലീസ് പറഞ്ഞു. വീട്ടുടമയേയും പരിസരവാസികളേയും ഓട്ടോറിക്ഷ ഡ്രൈവര്‍മാരെയുമൊക്കെ ഇവര്‍ ഐപിഎസ്.ഓഫീസറാണെന്ന് പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു.
ആഷിത പോലീസ് ഉദ്യോഗസ്ഥയെന്ന വിശ്വാസത്തിലായിരുന്നു രക്ഷിതാക്കളും. പൊള്ളാച്ചിയിലേക്ക് സ്ഥലംമാറ്റം കിട്ടിയെന്ന് പറഞ്ഞ് പാലക്കാട്ടുനിന്ന് സ്ഥലംവിട്ട ആഷിത നാട്ടിലെത്തി വീടും സ്ഥലവും വിറ്റ് ആര്‍ഭാടപൂര്‍വം വിവാഹം നടത്തി. അവധി തീര്‍ന്നതോടെ ഭര്‍ത്താവ് ജോലി സ്ഥലത്തേക്കുപോയി. പാലക്കാട്ടുള്ള ഒട്ടേറെപ്പേരില്‍നിന്ന് വിജിലന്‍സില്‍ ജോലി നല്‍കാമെന്നു പറഞ്ഞ് ലക്ഷങ്ങള്‍ ആഷിത വാങ്ങിയെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ സെപ്റ്റംബര്‍ 10 ന് തലയാഴം സ്വദേശിയും എയര്‍ ഫോഴ്സ് ഉദ്യോഗസ്ഥനുമായ അഖില്‍.കെ.മനോഹറുമായി ഇവരുടെ വിവാഹം നടന്നിരുന്നു. കഴിഞ്ഞ ദിവസം വിജിലന്‍സില്‍ ഇവരുടെ അസിസ്റ്റന്റായി നിയമനം നേടി നല്‍കാമെന്ന് പറഞ്ഞ് ഇവര്‍ മൂന്നു ലക്ഷം രൂപ കൈക്കലാക്കി കബളിപ്പിച്ച ആലത്തൂര്‍ സ്വദേശി സാന്റോ ആഷിതയെ അന്വേഷിച്ചെത്തി വൈക്കം പോലീസില്‍ പരാതിപ്പെട്ടതോടെയാണ് തട്ടിപ്പ് പുറത്തായത്.
മൂന്നുലക്ഷം രൂപ കൊടുത്ത ഒരുകൂട്ടര്‍ ആഷിതയെതേടിയെത്തി. തലയാഴത്ത് വിവാഹം നടത്തിയ വിവരമറിഞ്ഞെത്തിയ സംഘം ആഷിതയെ വൈക്കം ടൗണിലേക്ക് വിളിച്ചുവരുത്തി. വാങ്ങിയപണം തിരിച്ചുകിട്ടുന്നത് സംബന്ധിച്ച് വാക്കുതര്‍ക്കമായി. വിവരമറിഞ്ഞെത്തിയ പോലീസ് ആഷിതയെയും സംഘത്തെയും ചോദ്യംചെയ്തു. സംഘത്തോടു വാങ്ങിയ തുകയ്ക്ക് തുല്യമായി സ്വര്‍ണാഭരണങ്ങള്‍ കൊടുത്ത് പ്രശ്നം തീര്‍ത്തു. വിവരമറിഞ്ഞെത്തിയ ഭര്‍ത്താവിന്റെ വീട്ടുകാര്‍ തട്ടിപ്പിന്റെ കഥ തിരിച്ചറിഞ്ഞു. വരന്റെ അച്ഛന് വൈക്കം പോലീസില്‍ കൊടുത്ത പരാതിയെത്തുടര്‍ന്ന് കേസെടുത്ത് ആഷിതയെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തു.
യുവാവിന് നല്‍കാനുള്ള പണം തിരിച്ചു നല്കാന് ധാരണയായെങ്കിലും വിവാഹ തട്ടിപ്പ് നടത്തിയതിന് വരന്റെ പിതാവ് യുവതിക്കെതിരെ പോലീസില്‍ പരാതി നല്കി. ആലത്തൂരുകാരനു പുറമെ നിരവധി പേരില്‍ നിന്ന് ഇവര്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തിട്ടുണ്ട്. മാനക്കേട് ഭയന്നാണ് പലരും പരാതിപ്പെടാത്തതെന്ന് എസ്ഐ എം.സാഹില്‍ അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ ആഷിതയെ കോടതി റിമാന്‍ഡ് ചെയ്തു.യിലെടുത്തത്.