പറവൂർ: സംസ്ഥാന അക്ഷയ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ മീൻ കച്ചവടക്കാരനായ വാണിയക്കാട് പന്നക്കാട് പടിപ്പുരക്കകത്ത് അഷ്കറിന്.
മുനമ്പത്തുനിന്നു മത്സ്യം വാങ്ങി പറവൂർ ചന്തയിൽ ചില്ലറ വിൽപ്പന നടത്തുന്നയാളാണ് അഷ്കർ. കഴിഞ്ഞ മൂന്നിനായിരുന്നു നറുക്കെടുപ്പ്.
അന്നു രാവിലെ ചന്തയിൽവച്ചു തമിഴ്നാട് സ്വദേശി ഫാഹിൽ എന്ന ലോട്ടറി കച്ചവടക്കാരനിൽനിന്നാണ് ഒന്നാം സമ്മാനാർഹമായ എവി 814879 നമ്പർ ടിക്കറ്റ് വാങ്ങിയത്. ടിക്കറ്റ് ചെറിയപ്പിള്ളിയിലെ എസ്ബിഐ ശാഖയിൽ ഏൽപ്പിച്ചു.
എല്ലാ ദിവസവും അഞ്ച് ടിക്കറ്റെടുക്കുന്ന അഷ്കറിന് ചെറിയ സമ്മാനങ്ങൾ മാത്രമാണ് ഇതിനുമുൻപു ലഭിച്ചിട്ടുള്ളത്. ഭാര്യയ്ക്കു കൂലിപ്പണിയാണ്.
മൂത്തമകളുടെ വിവാഹം കഴിഞ്ഞു. കൈതാരം ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ് ഇളയമകൻ. അഷ്കറിനൊപ്പമാണു വാപ്പയും ഉമ്മയും താമസിക്കുന്നത്.
വീടു പണിയാൻ സഹകരണ ബാങ്കിൽനിന്നെടുത്ത വായ്പ തിരിച്ചടയ്ക്കാനുണ്ട്. നിലവിലുള്ള വീട്ടിൽ വേലിയേറ്റ സമയത്തു വെള്ളം കയറും.
സമ്മാനത്തുക കിട്ടിയാൽ എട്ടര ലക്ഷത്തോളം രൂപ കടം വീട്ടിയശേഷം അഞ്ചു സെന്റ് ഭൂമിയും ഒരു ചെറിയ വീടും വാങ്ങാനാണു താല്പര്യമെന്ന് അഷ്കർ പറഞ്ഞു. ബാക്കി തുക ഉപയോഗിച്ചു മീൻകച്ചവടം ഉഷാറാക്കാനാണ് തീരുമാനം.