ഇരിട്ടി: ബാരാപുഴയുടെ ഭാഗമായ കോളിക്കടവ് തെങ്ങോലയില്‍ പുഴയോരത്ത് കണ്ടെത്തിയ തലയോട്ടിയും അസ്ഥികൂടവും തിരിച്ചറിഞ്ഞു. ഒഡീഷ സുന്ദര്‍ഘര്‍ ജില്ലയിൽനിന്നുള്ള ഫെഡ്രിക് ബാര്‍ല (45) യുടേതാണ് മൃതദേഹം.
മാക്കൂട്ടം ചുരം വഴി വരവെ കാട്ടിൽ അകപ്പെട്ടുപോയ ഫെഡ്രിക് ബാര്‍ലയുടെ അസ്ഥികൂടം നാല് മാസത്തിനുശേഷമാണ് കിട്ടിയത്.
ഒഴുക്കിൽപ്പെട്ടാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. ലോക്ക് ഡൗണ്‍ കാലത്ത് കേരളത്തിലേക്കുള്ള യാത്രയ്ക്കിടെയാണ് ഇയാളെ കര്‍ണാടക വനമേഖലയില്‍ കാണാതാകുന്നത്.
കെഎസ്ഇബിയുടെ കരാർ നിർമാണപ്രവൃത്തിക്കായി എത്തിയതായിരുന്നു ഒഡീഷയില്‍നിന്നുള്ള സംഘം. വനത്തിനുള്ളില്‍ ഭക്ഷണം കഴിക്കാനായി വണ്ടി നിര്‍ത്തിയപ്പോള്‍ സംഘത്തിലുള്ള ഫെഡ്രിക് ബാര്ലയെ കാണാതാവുകയായിരുന്നു.
കര്‍ണ്ണാടക മേഖലയായതിനാല്‍ വീരാജ് പേട്ട പോലീസ് സ്റ്റേഷനില്‍ കേസ് ഫയല്‍ ചെയ്ത് തെരച്ചില്‍ നടത്തി. പിന്നീട് സംഘം ഇരിട്ടിയിലെത്തി കേരള പോലിസിനോടും വിവരം പറഞ്ഞു.
കേരള പോലീസും അന്വേഷിച്ചിറങ്ങിയെങ്കിലും വനാതിര്‍ത്തിയിലൂടെ ഒഴുകുന്ന ബാരാപോള്‍ പുഴ കരകവിഞ്ഞതിനാല്‍ തെരച്ചില്‍ ദുഷ്കരമായിരുന്നു.
ആളെ കാണാതായി നാല് മാസത്തിന് ശേഷമാണ് വനാതിര്‍ത്തിയില്‍ ഒരു തലയോട്ടി കണ്ട കാര്യം നാട്ടുകാര്‍ പോലിസിനെ അറിയിച്ചത്.
പുഴയോരത്ത് കളിക്കുന്നതിനിടെ തുരുത്തിലെ പൊന്തക്കാടുകള്‍ക്കിടയില്‍ അകപ്പെട്ട പന്ത് എടുക്കാന്‍ പോയ കുട്ടികളാണ് തലയോട്ടിയും അസ്ഥികൂടവും കാണുന്നത്.
പ്രദേശത്ത് പരിശോധിച്ചപ്പോള്‍ തലയോട്ടിയും തുടയെല്ലുകളുമാണ് കിട്ടിയത്. ജീന്‍സ് പാന്റിന്റെ അവശിഷ്ടത്തില്‍ നിന്നും തിരിച്ചറിയല്‍ രേഖകളും കണ്ടെത്തി.
ഫൊറന്‍സിക് വിദഗ്ധരെത്തി സ്ഥലത്ത് പരിശോധന നടത്തി. അസ്ഥികൂടം കൂടുതല്‍ പരിശോധനയ്ക്കായി പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
ബന്ധുക്കളെ വിവരം അറിയിച്ചിട്ടുണ്ടെന്നും സംഭവത്തില്‍ മറ്റു ദുരൂഹതകള്‍ ഇല്ലെന്നും ഇരിട്ടി പൊലിസ് പറഞ്ഞു.