ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: എഐസിസി പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള തീയതി നിശ്ചയിക്കാൻ കോണ്‍ഗ്രസ് പ്രവർത്തകസമിതി ഞായറാഴ്ച യോഗം ചേരും.
ഓണ്‍ലൈനായി നടക്കുന്ന വർക്കിംഗ് കമ്മിറ്റിയിൽ പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി അധ്യക്ഷയായിരിക്കുമെന്നു ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു.
മെഡിക്കൽ പരിശോധനയ്ക്കായി ഇന്നലെ അമേരിക്കയിലെത്തിയ സോണിയയെ മക്കളായ രാഹുലും പ്രിയങ്കയും അനുഗമിച്ചിരുന്നു.
ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് ചേരുന്ന പ്രവർത്തകസമിതിയിൽ മൂവരും വിദേശത്തുനിന്ന് ഓണ്‍ലൈനിലാകും പങ്കെടുക്കുക. എഐസിസി തെരഞ്ഞെടുപ്പിനുള്ള കൃത്യമായ ഷെഡ്യൂളിന് വർക്കിംഗ് കമ്മിറ്റി അംഗീകാരം നൽകും.
അടുത്ത മാസം അവസാനത്തിനു മുന്‍പേ പുതിയ കോണ്‍ഗ്രസ് അധ്യക്ഷന്റെ തെരഞ്ഞെടുപ്പ് പൂർത്തിയാക്കാവുന്ന തരത്തിലാണ് പാർട്ടിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് അഥോറിറ്റി തീയതികൾ നിർദേശിക്കുക.
സെപ്റ്റംബർ 20ന് പുതിയ പ്രസിഡന്റ് ഉണ്ടാകാവുന്ന രീതിയിലാണ് ഇപ്പോഴത്തെ ക്രമീകരണങ്ങൾ.രാഹുൽ വിസമ്മതിച്ചാൽ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെ അധ്യക്ഷനാക്കണമെന്ന നിർദേശം ശക്തമാണ്.
സോണിയയുടെയും രാഹുലിന്റെയും വിശ്വസ്തനും മുതിർന്ന നേതാവുമായ ഗെഹ്ലോട്ടിനോട് വർക്കിംഗ് കമ്മിറ്റിയിലെ ഭൂരിപക്ഷത്തിനും താത്പര്യമാണ്. എന്നാൽ, രാഹുലിനുവേണ്ടിയുള്ള മുറവിളികൾ ഞായറാഴ്ചത്തെ യോഗത്തിലും ഉയരും.
നിഷേധിക്കാതെ ഗെഹ്ലോട്ട്
ന്യൂഡൽഹി: കോണ്‍ഗ്രസ് പ്രസിഡന്റ് പദവി തനിക്ക് സോണിയ ഗാന്ധി വാഗ്ദാനം ചെയ്തതായ പത്രവാർത്തകൾ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് നിഷേധിച്ചു.
എന്നാൽ, കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്കു പരിഗണിക്കുന്നുണ്ടെന്ന വാർത്തകൾ അദ്ദേഹം നിഷേധിച്ചില്ല.“എനിക്കറിയില്ല. മാധ്യമങ്ങളിൽനിന്നാണ് ഇക്കാര്യം കേൾക്കുന്നത്.
എന്നെ ഏല്പിച്ച ജോലികൾ ചെയ്യുന്നുണ്ട്. എന്താണു തീരുമാനമെന്ന് ആർക്കും അറിയില്ല. ഇതൊക്കെ കുറച്ചുകാലമായി മാധ്യമങ്ങൾ പറയുന്നുണ്ടെന്നു മാത്രം.’’- ഗെഹ്ലോട്ട് പറഞ്ഞു.
സോണിയ ഗാന്ധിയുമായി ചൊവ്വാഴ്ച നടത്തിയ ചർച്ചയിൽ രാഹുൽ ഗാന്ധി പാർട്ടി അധ്യക്ഷപദവി ഏറ്റെടുക്കണമെന്ന് ഗെഹ്ലോട്ട് ആവശ്യപ്പെട്ടിരുന്നു.
എന്നാൽ, രാഹുൽ അതിനു വിസമ്മതിക്കുകയാണെന്നും ഗെഹ്ലോട്ട് തന്നെ അധ്യക്ഷനാകണമെന്ന് സോണിയ നിർദേശിച്ചു എന്നുമായിരുന്നു വാർത്ത.