തിരുവനന്തപുരം: കോൺഗ്രസ് മുക്ത ഭാരതം ലക്ഷ്യം വയ്ക്കുന്ന ബിജെപിയാണ് യഥാർഥ എതിരാളിയെന്നും കേന്ദ്രത്തിൽ ബിജെപിയെ നേരിടണമെന്നും രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്.
നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മേല്‍നോട്ടം വഹിക്കാന്‍ ഹൈക്കമാന്‍ഡ് രൂപീകരിച്ച പ്രത്യേക സമിതിയുടെ ആദ്യത്തെ യോഗത്തിന് ശേഷം പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബംഗാളില്‍ കോണ്‍ഗ്രസും സിപിഎമ്മും തമ്മില്‍ സംഖ്യമുണ്ടെന്നത് ശരിയാണ്. അത് ബിജെപിയെ നേരിടാനാണ്. കേരളത്തില്‍ സിപിഎമ്മാണ് കോൺഗ്രസിന്റെ എതിരാളി. ആര്‍എസ്എസും ബിജെപിയും ജനാധിപത്യത്തെ നശിപ്പിക്കുന്നു. സംസ്ഥാനങ്ങളെ അസ്ഥിരപ്പെടുത്തുന്നുവെന്നും അശോക് ഗെഹ്ലോട്ട് പറഞ്ഞു.
ജനാധിപത്യ സര്‍ക്കാരുകളെ അട്ടിമറിക്കാന്‍ ബിജെപി, സിബിഐ ഉള്‍പ്പടെയുള്ള കേന്ദ്ര ഏജന്‍സികളെ ഉപയോഗിക്കുന്നു. ഇഡിയെയും ജുഡീഷ്യറിയെയും ദുരുപയോഗം ചെയ്യുന്നുവെന്നും ഗെഹ്ലോട്ട് കുറ്റപ്പെടുത്തി.
കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിൽ വരുമെന്നും കേരളം ഉന്നത സാക്ഷരതയുള്ള സംസ്ഥാനമാണെന്നും പ്രശംസിച്ചാണ് അദ്ദേഹം വാക്കുകൾ അവസാനിപ്പിച്ചത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് അശോക് ഗെഹ്ലോട്ടിന്റെ പ്രസംഗം മലയാളത്തിലേക്ക് തർജിമ ചെയ്തത്.