തളിപ്പറമ്പ്: സിംഹങ്ങളുടെ നാക്ക് പുറത്തേക്ക് തള്ളിയനിലയിലായതിനാല് തളിപ്പറമ്പ് പോലീസ് സ്റ്റേഷന് വളപ്പിലെ അശോകസ്തംഭം മൂടിവെച്ച നിലയില്‍. ഏറെ കൊട്ടിഘോഷിച്ച് രണ്ട്മാസം മുമ്പ് നിര്‍മാണം പൂര്‍ത്തിയാക്കിയ ജില്ലയിലെ ഏറ്റവും വലുപ്പമേറിയതെന്ന് അവകാശപ്പെട്ട ഈ അശോകസ്തംഭം നിര്‍മാണത്തിന് ഒരുലക്ഷത്തിലേറെ രൂപ ചെലവഴിച്ചിട്ടുണ്ട്.
നിര്‍മാണം പൂര്‍ത്തിയായ ശേഷമാണ് അശോകസ്തംഭത്തിലെ സിംഹങ്ങളുടെ നാക്ക് പുറത്തേക്ക് നീണ്ട നിലയിലാണെന്ന് ശ്രദ്ധയില്‍പ്പെട്ടത്. ഇന്ത്യയുടെ ദേശീയചിഹ്നമായ അശോകസ്തംഭം ഉത്തര്‍പ്രദേശിലെ സാരനാഥിലെ മ്യൂസിയത്തിലാണുള്ളത്. ഇതിന്റെ പകര്‍പ്പാണ് ദീനാനാഥ് ഭാര്‍ഗവ രൂപകല്‍പ്പന ചെയ്ത് രാജ്യത്തിന്റെ പലഭാഗങ്ങളിലും സ്ഥാപിച്ചിട്ടുള്ളത്.
ഇവയെല്ലാം നാക്ക് പുറത്തേക്ക് തള്ളാതെ ശൗര്യത്തോടെ വാ പിളര്‍ന്നു നില്ക്കുന്ന സിംഹങ്ങളുടെ രൂപമാണ്. ഇവിടെ നാക്ക് കടിച്ചുപിടിച്ച നിലയില്‍ ശ്വാസംകിട്ടാതെ വെപ്രാളപ്പെടുന്ന സിംഹരൂപമാണ്. നിര്‍മാണത്തിലെ ഈ വൈകല്യം ഒഴിവാക്കാതെ ഉദ്ഘാടനം ചെയ്യുന്നത് ദേശീയ ചിഹ്നത്തെ അപമാനിക്കലാവും എന്നതിനാലാണ് ഇത് മൂടിയിട്ടിരിക്കുന്നതെന്നാണ് അറിയുന്നത്.