നാദാപുരം: കരിപ്പൂർ വിമാനാപകടത്തിന്റെ ദുരന്തമുഖത്ത് നിന്ന് തലനാരിഴയ്ക്ക് ജീവൻ തിരിച്ചു കിട്ടിയെങ്കിലും അഷറഫിന്റെ ജീവിതം വഴിമുട്ടി. വിമാന അപകടത്തിൽ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ട നാദാപുരം ഇയ്യങ്കോട്ടേ മൂടോറ അഷറഫ് (36) ആണ് അപകടത്തിൽ പരിക്കേറ്റ് വേദന കടിച്ചമർത്തി ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുന്നത്.
വിമാനാപകടം അഷറഫിന്റെ ചെറിയ കുടുംബത്തിന്റെ താളം തെറ്റിച്ചിരിക്കുകയാണ്. പഴയ വീട് പുതിക്കിപണിയുന്നതിന് തറ നിർമിച്ച് ബാക്കി പ്രവൃത്തി പൂർത്തീകരിക്കാൻ ദുബായിൽ നിന്ന് നാട്ടിലേക്ക് തിരിച്ചതായിരുന്നു അഷറഫ്. എന്നാൽ വിധി ഇദ്ദേഹത്തിന്റെ സ്വപ്നങ്ങൾ തകർത്തെറിഞ്ഞു.
അപകടം നടന്ന് ആറു മാസമായിട്ടും ചികിത്സയിൽ നിന്ന് ഇതു വരെ മോചിതനായിട്ടില്ല. വലതു കാലിന്റെ തുടയെല്ലുകൾ ചിതറുകയും ശരീരമാസകലം പരിക്കേൽക്കുകയും ചെയ്ത അഷറഫിന് അഞ്ച് ശസ്ത്രക്രിയകൾ വേണ്ടിവന്നു അപകടക്കിടക്കയിൽ നിന്ന് കണ്ണുകൾ തുറക്കാൻ. വിമാനത്തിൽ മുൻ നിരയിൽ മൂന്നാമത്തെ സീറ്റിലായിരുന്നു യാത്ര.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റതോടെ അബോധാവസ്ഥയിലായ അഷ്റഫിന് രണ്ടാഴ്ച്ച വേണ്ടി വന്നു ബോധം തിരിച്ച് കിട്ടാൻ. 2020 ആഗസ്റ്റ് ഏഴിലെ അപകടത്തിന് ശേഷം ഈ യുവാവിന് ഇന്ന് വരെ നേരാം വണ്ണം നടക്കാൻ കഴിഞ്ഞിട്ടില്ല.
ദുബായിൽ കഫ്റ്റീരിയ തൊഴിലാളിയായ അഷറഫ് അപകടത്തെ തുടർന്ന് ശാരീരിക അവശതയിലായതോടെ ജോലിയിൽ നിന്ന് പിരിച്ച് വിടാൻ കമ്പനിയും തയാറെടുത്ത് കഴിഞ്ഞു.
വിമാന കമ്പനിയിൽ നിന്നുള്ള ചികിത്സ സഹായം കൊണ്ട് മാത്രമാണ് ഇത് വരെ പിടിച്ച് നിന്നത്. ഇൻഷ്വറൻസ് തുകയും സർക്കാർ പ്രഖ്യാപിച്ച ധനസഹായങ്ങളോ ഇത് വരെ ലഭിച്ചിട്ടില്ല.ഭാര്യ സഫീനയുടെയും വൃദ്ധമാതാവിന്റെയും രണ്ട് പിഞ്ചുമക്കളും അടങ്ങുന്നതാണ് അഷറഫിന്റെ കുടുംബം.