കസബയില്‍ സ്ത്രീവിരുദ്ധതയുണ്ടെങ്കില്‍ നിങ്ങള്‍ അന്ന് എന്നോട് ചെയ്തതും സ്ത്രീവിരുദ്ധതയല്ലേ! പഴയ സംഭവം വെളിപ്പെടുത്തി നടി പാര്‍വതിക്കെതിരെ ആഞ്ഞടിച്ച് നിര്‍മ്മാതാവ് അഷ്‌റഫ് ബേദി

കസബയെ വിമര്‍ശിച്ച നടി പാര്‍വതിയെ ശക്തമായ ഭാഷയില്‍ കുറ്റപ്പെടുത്തികൊണ്ട് നിര്‍മ്മാതാവ് അഷ്റഫ് ബേദി രംഗത്ത്. ശക്തമായ സ്ത്രീപക്ഷ കഥ പറയുന്ന ചിത്രമായിട്ടും സംവിധാനം ചെയ്യുന്നത് ഒരു സീനിയര്‍ ഡയറക്ടറായതുകൊണ്ടും ബജറ്റ് കുറവായതുകൊണ്ടും ഗ്ലാമര്‍ കുറവായതുകൊണ്ടും പാര്‍വതി അഭിനയിച്ചില്ലെന്നാണ് അഷ്റഫ് ബേദി കുറ്റപ്പെടുത്തിയത്.

വിഎം വിനു സംവിധാനം ചെയ്ത് ഭാമയും റഹ്മാനും അഭിനയിച്ച മറുപടി എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ പാര്‍വതി വിസ്സമ്മതിച്ചതിനെ കുറിച്ചാണ് അഷ്റഫിന്റെ പോസ്റ്റ്. ആ ചിത്രത്തില്‍ 11 വയസ്സുള്ള ഒരു കുട്ടിയുടെ അമ്മയായി അഭിനയിക്കേണ്ടതുണ്ടായിരുന്നുവെന്നും ചാനലുകളിലും അഭിമുഖങ്ങളിലും ഇരുന്ന് വാചകമടിക്കാന്‍ എല്ലാവര്‍ക്കും സാധിക്കുമെന്നും എന്നാല്‍ അത് പ്രാവര്‍ത്തികമാക്കാനാണ് ബുദ്ധിമുട്ടെന്നും ബേദി പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അഷ്‌റഫ് ബേദിയുടെ കുറ്റപ്പെടുത്തല്‍. അഷ്‌റഫ് ബേദിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം…

പാര്‍വതി മാഡത്തിനോടുള്ള എല്ലാ ബഹുമാനവും നിലനിര്‍ത്തികൊണ്ട് തന്നെ തുടങ്ങാം. ഓര്‍മയുണ്ടോ മാഡം ഈ മുഖം. ഓര്‍മ കാണില്ല. അതുകൊണ്ട് പേരു പറയാം. ഞാന്‍ അഷ്റഫ് ബേദി. ദേശീയ അവാര്‍ഡ് നേടിയ ആദാമിന്റെ മകന്‍ അബു എന്ന ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാള്‍. ഒന്നര വര്‍ഷം മുന്‍പ് ഞാനും വി.എം.വിനു എന്ന സംവിധായകും കൂടി പാര്‍വതി മാഡത്തിനെ കാണാന്‍ എറണാകുളത്തെ ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ വന്നിരുന്നു. കാണാന്‍ എന്നു പറഞ്ഞാല്‍, കഥ പറയാന്‍. നായികാ പ്രാധാന്യമുള്ള സിനിമ.

ശക്തമായ സ്ത്രീപക്ഷ രാഷ്ട്രീയം ചര്‍ച്ചചെയ്യുന്ന സിനിമ. അതുകൊണ്ടുതന്നെ അത്തരം കാഴ്ചപ്പാടുള്ള ഒരു നടിയായിരിക്കണം പ്രധാനവേഷം ചെയ്യേണ്ടതെന്ന് ഞങ്ങള്‍ക്ക് ആഗ്രഹം ഉണ്ടായിരുന്നു. പാര്‍വതിയുടെ നിരവധി അഭിമുഖങ്ങള്‍ കാണുകയും വായിക്കുകയും ചെയ്തിട്ടുള്ള ഞങ്ങള്‍ക്ക് മറ്റൊരാളെ ആലോചിക്കേണ്ടിവന്നില്ല. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ മുഖാന്തിരം അപ്പോയിന്റ്മെന്റ് വാങ്ങി. ദോഷം പറയുരുതല്ലോ. പറഞ്ഞ സ്ഥലത്ത്-പറഞ്ഞ സമയത്തുതന്നെ വന്നിരുന്ന് പാര്‍വതി കഥ കേട്ടു. കഥ അവര്‍ക്ക് ഇഷ്ടപ്പെടുകയും ചെയ്തു.

സിനിമയുടെ തിരക്കഥാകൃത്തായ എന്റെ ഭാര്യയോട് അഭിനന്ദനം അറിയിക്കാനും പറഞ്ഞു. എങ്കിലും അവര്‍ ഇതിന്റെ ഭാഗമാവാന്‍ തല്‍പര്യപെട്ടില്ല കാരണം ഞങ്ങളുടെ പ്രോജക്ടിന് ഗ്ലാമര്‍ കുറവായിരുന്നു. സംവിധായകന്‍ സീനിയര്‍ തലമുറയില്‍പ്പെട്ടയാള്‍. പോരാത്തതിന് നായികയ്ക്ക് 11 വയസ് പ്രായമുള്ള ഒരു മകളുമുണ്ട്. എങ്ങനെ അഭിനയിക്കും. പാര്‍വതി കണ്‍ഫ്യൂഷനിലായി. കഥയുടെ വര്‍ത്തമാനകാല പ്രാധാന്യം ഞങ്ങള്‍ വിവരിച്ചുകൊടുത്തു. കഥാപാത്രത്തിന്റെ അഭിനയസാധ്യത പറഞ്ഞുകൊടുത്തു.

പാര്‍വതിയുടെ കഴിവിനെപ്പറ്റിയോ ജനപ്രീതിയെപ്പറ്റിയോ ഞങ്ങള്‍ക്ക് സംശയമില്ലാതിരുന്നതുകൊണ്ട് ഞങ്ങള്‍ വീണ്ടും അവരെ നിര്‍ബന്ധിച്ചു. പക്ഷേ, അവര്‍ വഴങ്ങിയില്ല. സിനിമാ രംഗത്തെ മറ്റുചിലര്‍ പറഞ്ഞാണ് അറിഞ്ഞത് ഇത്തരം ചിത്രങ്ങളിലൊന്നും മുഖ്യധാരാനായികമാര്‍ അഭിനയിക്കില്ലെന്ന്. ന്യൂജന്‍ സംവിധായകന്മാര്‍ തന്നെ സംവിധാനം ചെയ്യണം. മിനിമം അഞ്ചുകോടിയെങ്കിലും ബജറ്റ് വേണം. കഥയല്ല, ഇത്തരം ഘടകങ്ങളൊക്കെ നോക്കിയാണത്രേ നടിമാര്‍ പടം സെലക്ട് ചെയ്യുന്നത്. പിന്നീട് ഭാമയെ നായികയാക്കി ഞങ്ങള്‍ ആ സിനിമ സാക്ഷാത്കരിച്ചു. ചിത്രത്തിന്റെ പേര് മറുപടി.

കഴിഞ്ഞ ഫെബ്രുവരി അവസാനം മലയാളത്തിലെ ഒരു നടി അതിക്രൂരമായി തെരുവില്‍ ആക്രമിക്കപ്പെട്ടു. ഈ സമയത്ത് ചലച്ചിത്രമേഖലയിലെ ചില സ്ത്രീ സുഹൃത്തുക്കള്‍ എന്നെ വിളിച്ച് മറുപടിയെപ്പറ്റി സംസാരിച്ചു. ഭാഗ്യ ലക്ഷ്മിയെപ്പോലെയുള്ളവര്‍ ചിത്രത്തിലെ ക്ലൈമാക്സ് രംഗത്തിന്റെ ക്ലിപ്പിങ് ഫേസ്ബുക്കിലൂടെ ഷെയര്‍ ചെയ്തു. വര്‍ത്തമാന കാല മലയാളി സമൂഹത്തില്‍ സ്ത്രീ എങ്ങനെയൊക്കെ ആക്രമിക്കപ്പെടുന്നു-അവഹേളിക്കപ്പെടുന്നു-എന്നുള്ള ചോദ്യം തന്നെയായിരുന്നു മുറുപടി എന്ന ചിത്രം ഉയര്‍ത്തിയത്.

കസബ എന്ന ചിത്രവുമായി ബന്ധപ്പെട്ട് നടി പാര്‍വതി നടത്തിയ ചില നിരീക്ഷണങ്ങളാണ് ഇപ്പോള്‍ ഈ കുറിപ്പ് എഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്. സത്യത്തില്‍ എനിക്ക് എഴുനേറ്റ് നിന്ന് ഉറക്കെ കൂവാനാണ് തോന്നിയത്. അഭിമുഖത്തിലും പത്രസമ്മേളനത്തിലും കയറിയിരുന്ന് വലിയ ഡയലോഗ് കാച്ചാന്‍ എളുപ്പമാണു. പക്ഷേ, ജീവിതത്തില്‍ അതൊന്ന് നടപ്പാക്കി കാണിക്കാന്‍ ഇത്തിരി ബുദ്ധിമുട്ടാ. 36 വര്‍ഷത്തിനിടയില്‍ മമ്മൂട്ടി ചെയ്ത എത്രയെത്ര മാതൃകാ കഥാപാത്രങ്ങളെ അവഗണിച്ചുകൊണ്ടാണ് പാര്‍വതി സംസാരിച്ചത്. സ്ത്രീകളും കുട്ടികളും നെഞ്ചോടു ചേര്‍ത്തുപിടിക്കുന്ന എത്രയെത്ര കഥാപാത്രങ്ങളുണ്ട് അതില്‍. മലായളസിനിമയെ എത്രയോ വട്ടം രാജ്യാന്തരതലത്തിലേക്ക് എഴുന്നള്ളിച്ച് കൊണ്ടുപോയിട്ടുണ്ട് ഈ മഹാനടന്‍.

ഒരു സ്ത്രീ തിരക്കഥ രചിച്ച സാമൂഹിക പ്രതിബദ്ധതയുള്ള സിനിമ എന്ന ഒറ്റക്കാരണം മാത്രം മതിയായിരുന്നു മറുപടിയെ ഇവര്‍ക്ക് ഏറ്റെടുക്കാന്‍. ആദ്യം പൊളിച്ചെഴുതേണ്ടത് നാളിതുവരെയായി നമ്മുടെ സമൂഹം പിന്‍തുടരുകയും പരിക്കുപറ്റാതെ സൂക്ഷിക്കുകയും ചെയ്യുന്ന സ്ത്രീ ബിംബത്തെയാണ്. അതിനെ പുനര്‍നിര്‍മിക്കുമ്പോഴേ പുരുഷന്റെ അധികാരരൂപകങ്ങള്‍ ഓരോന്നോരോന്നായി അഴിഞ്ഞുവീഴൂ. ഞങ്ങളുടെ സിനിമയില്‍ അഭിനയിക്കാത്തതിലോ അതെല്ലെങ്കില്‍ എല്ലാസ്തീപക്ഷ സിനിമയില്‍ അഭിനയിക്കണമെന്നോ എന്നല്ല ഞാന്‍ പറയുന്നത് മറിച്ച് ഒരു സിനിമയില്‍ ഒരു കഥാപാത്രം പറഞ്ഞ ഡയലോഗാണു സ്തീവിരുദ്ധമായിപ്പോയെതെങ്കില്‍ നിങ്ങളിചെയ്തതും സ്തീവിരുദ്ധമല്ലേ ?

 

Related posts