നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 25 കോടി രൂപ വില വരുന്ന 4.64 കിലോഗ്രാം ഹെറോയിനുമായി യാത്രക്കാരൻ പിടിയിൽ. ടാര്‍സാനിയന്‍ സ്വദേശി അഷ്റഫ് സാഫിയാണ് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് (ഡിആർഐ) വിഭാഗത്തിന്റെ വലയിൽ കുടുങ്ങിയത്.
ടാര്‍സാനിയയിലെ സാന്സിബാറില്നിന്നു ദുബായ് വഴിയാണ് ഇയാള്‍ നെടുന്പാശേരിയിൽ എത്തിയത്. ഇന്നലെ പുലര്‍ച്ചെ 2.30ഓടെ ദുബായില്‍നിന്നു നെടുമ്പാശേരിയില്‍ എത്തിയ എമിറേറ്റ്സ് എയര്‍ലൈന്‍സിന്റെ ഇ.കെ 532 നമ്പര്‍ വിമാനത്തിലെ യാത്രക്കാരനായിരുന്നു ഇയാള്‍.
രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഡിആർഐ വിഭാഗം വിമാനത്താവളത്തില്‍ പരിശോധനയ്ക്കെത്തിയത്. ചെക്കിന് ബാഗേജില്‍ പ്രത്യേക അറകളുണ്ടാക്കി അതിനുള്ളിൽ പ്ലാസ്റ്റിക് കവറുകളിലാക്കിയാണ് ഹെറോയിന്‍ ഒളിപ്പിച്ചിരുന്നത്.
നെടുമ്പാശേരിയില്‍ എത്തിയ ശേഷം എമിഗ്രേഷന്‍ വിഭാഗത്തിന്റെ പരിശോധന പൂര്‍ത്തിയാക്കി പുറത്തേക്കിറങ്ങുന്നതിനിടെയാണ് ഇയാള്‍ ഡിആര്‍ഐ സംഘത്തിന്റെ പിടിയിലാകുന്നത്.ആര്‍ക്ക് കൈമാറാനാണ് ഹെറോയിന്‍ എത്തിച്ചതെന്ന കാര്യം വ്യക്തമല്ല. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
രാജ്യാന്തര ലഹരി മാഫിയയുടെ കൊച്ചി ബന്ധങ്ങളെക്കുറിച്ചും അന്വേഷണം നടത്തുമെന്ന് ഡിആര്‍ഐ അറിയിച്ചു. പിടികൂടിയ മയക്കുമരുന്ന് വിശദമായ പരിശോധനയ്ക്കായി നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോയ്ക്ക് കൈമാറിയിട്ടുണ്ട്.
രാജ്യാന്തര മയക്കുമരുന്ന് മാഫിയയുടെ പ്രധാന കണ്ണികളില്‍ ഒരാളായ ശ്രീലങ്കന്‍ സ്വദേശിയെ ഒരാഴ്ച മുന്‍പ് തമിഴ്നാട് ക്യൂ ബ്രാഞ്ച് അങ്കമാലിക്കടുത്ത് കിടങ്ങൂരില്‍നിന്നു പിടികൂടിയിരുന്നു.
20 കോടിയോളം രൂപ വിലവരുന്ന ഹെറോയിനുമായി സിംബാബ്വേ സ്വദേശിയായ യുവതിയെയും കഴിഞ്ഞ മാസം 12ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ പിടികൂടി.