കൊല്ലം : അഷ്ടമുടി കായലിന്റെ വിവിധ ഭാഗങ്ങളില്‍ തൂപ്പും പടലും നിക്ഷേപിച്ചുള്ള മത്സ്യബന്ധനം, ഏറ്റംകെട്ട്, ലൈറ്റ് ഉപയോഗിച്ചുള്ള മത്സ്യബന്ധനം, ചെറിയ കണ്ണി വലിപ്പമുള്ള വലകള്‍ ഉപയോഗിച്ച് മത്സ്യബന്ധനം തുടങ്ങിയ അനധികൃത മത്സ്യബന്ധന രീതികള്‍ക്കെതിരെ ഇന്‍ലാന്റ് ആക്ട് പ്രകാരം ഫിഷറീസ് വകുപ്പ് നടപടി ശക്തമാക്കി.
ഫിഷറീസ് വകുപ്പും മറൈന്‍ എന്‍ഫോഴ്സ്മെന്റും സംയുക്തമായി അഷ്ടമുടി കായലിലെ പെരുമണ്‍, പടപ്പക്കര, കുതിരമുനമ്പ്, സാമ്പ്രാണിക്കോടി, മണലില്ക്ഷേത്രത്തിന് വടക്കുഭാഗം എന്നിവിടങ്ങളില്‍ അനധികൃതമായി നിക്ഷേപിച്ചിരുന്ന നിരവധി തൂപ്പും പടലും നീക്കം ചെയ്തു. അനധികൃതമായി താഴ്ത്തി വച്ചിരുന്ന ചീനവലയില്‍ നിന്ന് ആറ് സെറ്റ് ബള്‍ബുകളും നീണ്ടകരയില്‍ ഏറ്റം കെട്ടിയ വലയും പിടിച്ചെടുത്തു.
മത്സ്യത്തൊഴിലാളികള്‍ അനധികൃത മത്സ്യബന്ധന രീതികള്‍ അവലംബിക്കാതെ ഫിഷറീസ് വകുപ്പുമായി സഹകരിക്കണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ പി. ഗീതാകുമാരി അറിയിച്ചു. ഇത്തരം മത്സ്യബന്ധന രീതികള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറാഫീസിലെ 0474-2792850 ഫോണ്‍ നമ്പരില്‍ അറിയിക്കണം.