സ്വന്തം ലേഖകൻ
തലശേരി: യുഎഇ കോണ്‍സുലേറ്റിന്റെ നയതന്ത്ര പാര്‍സലിന്റെ മറവില്‍ സ്വര്‍ണം കടത്തിയ സംഭവത്തില്‍ അന്വേഷണം മാഹിയിലേക്കും. ദുബായിയില്‍ പ്രമുഖ ധനകാര്യ സ്ഥാപനത്തിലെ ഉന്നതനും അതി സമ്പന്നനുമായ മാഹി സ്വദേശിയിലേക്കാണ് അന്വേഷണം എത്തി നില്‍ക്കുന്നത്.
കേരള സഭയ്ക്കു വരെ ചുക്കാന്‍ പിടിച്ച പ്രമുഖരില്‍ ഒരാളായ ഇയാളുടെ ദുബായി ദേരയിലെ ഓഫീസില്‍ സ്വപ്ന സുരേഷ് നിത്യസന്ദര്ശകയായിരുന്നുവെന്ന വിവരവും പുറത്തു വന്നിട്ടുണ്ട്.
കേരളത്തിലെ പ്രമുഖ നേതാക്കളുമായി അടുത്ത ബന്ധമുള്ള ഇയാളും ദുബായിയിലെ ഇടതു സഹയാത്രികനായ മാധ്യമപ്രവര്‍ത്തകനും സ്വപ്ന സുരേഷുമായി നടത്തിയിട്ടുള്ള ഇടപാടുകളെക്കുറിച്ചു ദുബായിയിലെ പാര്‍ട്ടി അനുഭാവികള്‍ കേരളത്തിലെ ഉന്നതരായ ഇടതു നേതാക്കള്‍ക്കു വിലപ്പെട്ട ചില വിവരങ്ങള്‍ കൈമാറിയിട്ടുള്ളതായും അറിയുന്നു.
സാധാരണ പാര്‍ട്ടി പ്രവര്‍ത്തകരുമായി യാതൊരു ബന്ധവും പുലര്‍ത്താത്ത സമ്പന്നനും ഒപ്പം മാധ്യമ പ്രവര്‍ത്തകനും സ്വപ്ന ദുബായിയില്‍ എത്തിയാല്‍ ജുമൈറയിലെ ആഡംബര റിസോര്‍ട്ടില്‍ ഒത്തു ചേരാറുണ്ടെന്നും അതീവ രഹസ്യമായ ഈ കൂടിച്ചേരലുകളില്‍ ദുബായിയിലെ പ്രമുഖ വ്യവസായികളും പങ്കെടുക്കാറുണ്ടെന്ന ുമുള്ള വിവരമാണ് ഒടുവില്‍ പുറത്തു വന്നിട്ടുള്ളത്.
സ്വപ്നയുടെ കള്ളക്കടത്ത് പിടിക്കപ്പെട്ടതോടെ കേരളത്തിലെ പ്രമുഖര്‍ക്കൊപ്പം ദുബായിയിലെ സമ്പന്നരായ ചിലരും അങ്കലാപ്പിലായിട്ടുണ്ട്. സ്വപ്ന സുരേഷിനോടൊപ്പം വിവിധ പരിപാടികളില്‍ പങ്കെടുക്കുകയും സെല്‍ഫി എടുക്കുകയും ചെയ്തിട്ടുള്ള പ്രമുഖരാണ് ഇപ്പോള്‍ ആശങ്കയിൽ ആയിട്ടുള്ളത്. ഏതു പ്രശ്നത്തിനു പരിഹാരം കാണാന്‍ പ്രാപ്തിയുള്ള ആളായിട്ടാണ് സ്വപ്ന പല സ്ഥലത്തും അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്.
കഴിഞ്ഞ യുഡിഎഫ് മന്ത്രിസഭയിലെ ഒരു പ്രമുഖന് ദുബായി സന്ദര്‍ശനത്തിനെത്തിയപ്പോള്‍ ഹായാത്ത് റീജന്‍സി ഹോട്ടലില്‍ ഈ പ്രമുഖനെ കാണാന്‍ സ്വപ്ന എത്തിയിരുന്നു.