ചങ്ങരംകുളം: നിയമപാലനത്തിന്റെ ഇടവേളകളിൽ കാർഷികമേഖലയിൽ പുത്തൻപരീക്ഷണങ്ങൾ നടത്തുകയാണ് ആലപ്പുഴ സ്വദേശിയും മലപ്പുറം ജില്ലയിലെ പൊന്നാനി സ്റ്റേഷനിലെ എഎസ്ഐയുമായ ആൽബർട്ട്. സംയോജിത കൃഷിയിലെ പുതിയ പാഠങ്ങൾ പരീക്ഷിക്കുന്ന അദ്ദേഹം പച്ചക്കറി കൃഷിക്കൊപ്പം കാട, കോഴി, താറാവ്, മത്സ്യങ്ങൾ തുടങ്ങിയ വിവിധ കാർഷികമേഖലയിലും അദ്ദേഹം സജീവമാണ്.
ചങ്ങരംകുളം, പൊന്നാനി സ്റ്റേഷനിലെ സഹപ്രവർത്തകരും കൃഷി കൂട്ടായ്മയിലെ അംഗങ്ങളും വട്ടംകുളം കൃഷിഭവന്റെ ജൈവകൃഷി സ്റ്റാളുമാണ് പ്രധാനമുട്ട വിപണി. പ്രദേശത്തുള്ള വീട്ടുകാർക്ക് പാക്കറ്റുകളാക്കി കാടമുട്ടകൾ വീട്ടിലെത്തിച്ച് കൊടുക്കുന്നു. നെല്ല്, ഗോതന്പ്, തവിട്ട്, അസോള പായൽ, ഒൗഷധസസ്യങ്ങളുടെ ഇലകൾ എന്നിവയാണ് കോഴിയുടെയും മറ്റും ഭക്ഷണമായി ആൽബർട്ട് ഉപയോഗിക്കുന്നത്.
ഒരു തരത്തിലുള്ള ഹോർമോണോ കൃത്രിമത്വങ്ങളോ ഇല്ലാത്ത നാടൻ രീതിയിലുള്ള പരിചരണം അദ്ദേഹം നടത്തുന്നു. വാള, ഗപ്പി, സ്വാഡ് ടെയിൽ, റെഡ് മോളി, ബ്ലാക്ക് മോളി തുടങ്ങിയ അലങ്കാര മത്സ്യങ്ങളും ആൽബർട്ട് വളർത്തുന്നു. ചങ്ങരംകുളം പോലീസ് സ്റ്റേഷനിൽ ജോലി ചെയ്യുന്പോഴാണ് സ്റ്റേഷൻ കോന്പൗണ്ടിൽ പച്ചക്കറി, മത്സ്യ, പൂകൃഷികൾ തുടങ്ങിയത്. സംയോജിത കൃഷി, നിത്യവരുമാനവും അതിരറ്റ മാനസിക ഉല്ലാസവും പ്രവൃത്തിയിലൂടെ ലഭിക്കുന്നതായി ആൽബർട്ട് പറയുന്നു.
സഹപ്രവർത്തകരുടെ ഓർഡർ പ്രകാരമുള്ള മുട്ടയുമായാണ് ഇപ്പോൾ പോലീസുകാരൻ ഡ്യൂട്ടിക്ക് എത്തുന്നത്. പ്രദേശത്ത് ചാരിറ്റി പ്രവർത്തനങ്ങളിലും മറ്റു സാമൂഹ്യ സേവന പ്രവർത്തനങ്ങളിലും സാധാരണക്കാർക്കൊപ്പം സജീവമാണ് ഈ കാക്കിക്കുള്ളിലെ കർഷകൻ. ജോലി സമയങ്ങളിലെ ഇടവേളകളിലാണ് ഇവയെ പരിപാലിക്കുന്നതിൽ അദ്ദേഹം ശ്രദ്ധ ചെലുത്തുന്നത്. പൊന്നാനി സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ സണ്ണി ചാക്കോയും എസ്ഐ നൗഫലും മറ്റു സഹപ്രവർത്തകരും അദ്ദേഹത്തിനു പിന്തുണ നൽകുന്നുണ്ട്.