ചെറുതോണി: ഇടുക്കി ഡോഗ് സ്ക്വാഡിലേക്കു പുതിയ അതിഥിയും ഒപ്പം വനിതാ പരിശീലകയും.രാജ്യത്തുതന്നെ ആദ്യമായാണ് പോലീസ് നായയുടെ ഹാൻഡ്ലറായി ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥ എത്തുന്നത്.
പണിക്കൻകുടി കൊന്പൊടിഞ്ഞാൽ സ്വദേശിനി എഎസ്ഐ വി.സി. ബിന്ദുവാണ് പുതിയ ചുമതലയിലൂടെ കേരള പോലീസിന് അഭിമാനമായിരിക്കുന്നത്.
ഒരു വയസുള്ള മാഗി എന്ന ബെൽജിയം മാലിനോയിസ് ഇനത്തിൽപ്പെട്ട നായയുടെ പരിശീലകയായാണ് ബിന്ദു ഡോഗ് സ്ക്വാഡിലെത്തിയിരിക്കുന്നത്.
മിന്നും താരമായി മാഗി
തൃശൂർ കേരള പോലീസ് അക്കാഡമിയിലും തുടർന്ന് കുട്ടിക്കാനം കെഎപിയിലും പരിശീലനം പൂർത്തിയാക്കിയാണ് ഇവർ ഇടുക്കി ഡോഗ് സ്ക്വാഡിന്റെ ഭാഗമായത്.
സൗത്ത് സോണ് ഐജി പ്രകാശ്, അസിസ്റ്റന്റ് കമൻഡാന്റ് എസ്. സുരേഷ് എന്നിവരുടെ മേൽനോട്ടത്തിലാണ് പരിശീലനം നേടിയത്. സിവിൽ പോലീസ് ഓഫീസർ അഭിലാഷ് ഭാസ്കരനാണ് മാഗിയുടെ മറ്റൊരു ഹാൻഡ്ലർ.
ഒരു നായയ്ക്കു രണ്ടു പരിശീലകരാണുള്ളത്. മാഗി സ്ഫോടക വസ്തുക്കൾ കണ്ടെത്തുന്നതിലാണ് പരിശീലനം നേടിയിരിക്കുന്നത്. ഇതോടെ ഇടുക്കി ഡോഗ് സ്ക്വാഡിൽ സ്ഫോടക വസ്തുക്കൾ കണ്ടുപിടിക്കുന്ന നായ്ക്കളുടെ എണ്ണം മൂന്നായി.
ഒൻപതു നായ്ക്കൾ
മോഷണം, കൊലപാതകം തുടങ്ങിയവ കണ്ടെത്താൻ പരിശീലനം നേടിയവയാണ് രണ്ടു നായ്ക്കൾ. മയക്കുമരുന്ന് കണ്ടുപിടിക്കാൻ കഴിവുള്ള രണ്ടു നായ്ക്കളും ഇടുക്കി സ്ക്വാഡിലുണ്ട്.
മണ്ണിനടിയിൽ ജീവനുള്ള ആളുകളുണ്ടെങ്കിൽ കണ്ടെത്താൻ സഹായിക്കുന്ന ഒരു നായയും മണ്ണിനടിയിൽ ശവശരീരങ്ങൾ കിടപ്പുണ്ടെങ്കിൽ കണ്ടെത്താൻ പരിശീലനം നേടിയ ഒരു നായയുമുൾപ്പെടെ ഒൻപതു നായ്ക്കളാണ് ഇപ്പോൾ ഇടുക്കി ഡോഗ് സ്ക്വാഡിൽ അംഗങ്ങളായുള്ളത്.
ജില്ലാ പോലീസ് മേധാവി വി.യു. കുര്യാക്കോസ്, നോഡൽ ഓഫീസർ സുനീഷ് ബാബു എന്നിവരുടെ നേതൃത്വത്തിൽ ഇടുക്കി സ്ക്വാഡ് ഇൻചാർജ് റോയി തോമസും ഡോഗ് വാഹനത്തിന്റെ ഡ്രൈവറും 18 ഹാൻഡ്ലർമാരുമാണ് ഇടുക്കി ഡോഗ് സ്ക്വാഡിന്റെ കരുത്ത്.
നിരവധി കേസുകളിൽ നിർണായക തെളിവ് കണ്ടെത്തി സംസ്ഥാനത്തിനുതന്നെ മാതൃകയായ ഇടുക്കി ഡോഗ് സ്ക്വാഡ് വനിതാ പരിശീലകയുടെ വരവോടെ ദേശീയ ശ്രദ്ധ നേടിയിരിക്കുകയാണ്.