പാറശാല : കേരള – തമിഴ്നാട് അതിർത്തിയിലെ ചെക്ക് പോസ്റ്റ് ജോലിക്കിടെ തമിഴ്നാട് എസ് ഐ വെടിയേറ്റു മരിച്ച സംഭവത്തിൽ പോലീസ് അന്വേഷണത്തിന് അഞ്ചു സ്പെഷൽ സ്ക്വാഡുകൾ രൂപികരിച്ചു. അന്വേഷണം കേരളത്തിലേക്ക് വ്യാപിപ്പിച്ചു. പ്രതികളെന്ന് സംശയിക്കുന്നവരുടെ ചിത്രങ്ങൾ തമിഴ്നാട് പോലീസ് പുറത്തുവിട്ടു.
ഇന്നു പുലർച്ചെ 1 .15 ന് ഡി ഐ ജി സ്ഥലം സന്ദർശിച്ചു വിവരങ്ങൾ ശേഖരിച്ചു. ആക്രമണം കഴിഞ്ഞു കുറ്റവാളികൾ ഓടി രക്ഷപ്പെടുന്നതിന്റെ സി സി ടി വി ദൃശ്യം പോലീസിന് ലഭിച്ചു. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് തമിഴ്നാട് പോലീസ് പ്രതികളെ തിരിച്ചറിഞ്ഞു. രണ്ടു പ്രതികളുടെ ചിത്രങ്ങൾ കേരളാ പോലീസിന് കൈമാറി. അബ്ദുൾ ഷമീം, തൗഫീഖ് എന്നിവരുടെ ചിത്രങ്ങളാണ് പുറത്തുവിട്ടത്.
പാറശ്ശാല ഇഞ്ചിവിളയിൽ നിന്നും കളിയിക്കാവിള ചന്തയിലേക്ക് പോകുന്ന ഇടറോഡിലെ ഔട്ട് പോസ്റ്റിലെ ഡ്യൂട്ടിക്കിടെയാണ് എസ് ഐ മാർത്താണ്ഡം പരുത്തിവിള വീട്ടിൽ വിൽസൺ ( 57 ) ഇന്നലെ രാത്രി പത്തു മണിയോടെ വെടിയേറ്റ് മരിച്ചത്. അഞ്ചു റൗണ്ട് വെടിയുതിർത്തതിൽ മൂന്നെണ്ണം മുഖത്തു കൊള്ളുകയായിരുന്നു.
യുവാക്കൾ ഔട്ട് പോസ്റ്റിനു സമീപത്തെ ജുമാ മസ്ജിദിന്റെ ഗേറ്റിൽ പോയി നിരീക്ഷണം നടത്തിയ ശേഷം തിരിയേവന്നു വെടിയുതിർത്ത ശേഷം പള്ളിയുടെ മുൻവശത്തെ ഗേറ്റുവഴി കന്യാകുമാരി -തിരുവനന്തപുരം ദേശീയ പാതയിലിറങ്ങി ഓടി രക്ഷപ്പെടുന്നതായി പള്ളിയിൽ നിന്നുള്ള സി സി ടി വി ദൃശ്യത്തിൽ കാണുന്നു. 12 മണിയോടെ നാഗർകോവിൽ എസ് പി ശ്രീനാഥ് സ്ഥലത്തെത്തുകയും സിസി ടി വി ദൃശ്യങ്ങൾ ഉൾപ്പടെ വിശദമായി പരിശോധിക്കുകയും ചെയ്തു.
തുടർന്ന്ഡോഗ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി. മണം പിടിച്ചോടിയ പോലീസ് നായ ചന്തയ്ക്കു സമീപത്തുകൂടി മെയിൻ റോഡിലിറങ്ങി ഔട്ട് പോസ്റ്റിലേക്ക് തിരിയുന്ന റോഡിൽ വന്നു നിൽക്കുകയായിരുന്നു. അവിടെ നിന്നും പ്രതികൾ വാഹനത്തിൽ രക്ഷപ്പെട്ടിരിക്കാമെന്നു കരുതുന്നതായി പോലീസ് പറഞ്ഞു.
പുലർച്ചെ സ്ഥലത്തെത്തിയ തിരുനെൽവേലി ഡി ഐ ജി പ്രബിൻ കുമാർ അഭിനവ് എസ് പി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുമായി കൂടിയാലോചന നടത്തുകയും സി സി ടി വി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തു. അതിനു ശേഷം അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും കേരളാപോലീസിന്റെ സഹായം തേടിയിട്ടുണ്ടന്നും ഡി ഐ ജി പറഞ്ഞു.