കായംകുളം: സ്വന്തമായി വീട് നിർമിക്കാൻ ഭൂമിയില്ലാതെ പ്രയാസപ്പെട്ട സ്റ്റുഡന്റ് പോലീസ് കേഡറ്റിന് വീട് നിർമിക്കാൻ ഭൂമി ദാനം ചെയ്ത് പോലീസ് ഉദ്യോഗസ്ഥന്റെ മാതൃക. കായംകുളം പോലീസ് സ്റ്റേഷനിലെ എഎസ്ഐ ഹാരിസാണ് തന്റെ ഭൂമിയുടെ ഒരു ഭാഗം ഭൂരഹിതനായ കുട്ടിപ്പോലീസിന് പകുത്തുനൽകി കേരളാ പോലീസിനും നാടിനും അഭിമാനമായത്.
കായംകുളംബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർഥിയും സ്റ്റുഡന്റ് പോലീസ് കേഡറ്റുമായ രാഹുൽ തനിക്കു വീടുവയ്ക്കാൻ ഒരു തുണ്ട് ഭൂമിവേണമെന്ന അപേക്ഷയുമായി ജില്ലാ ഭരണകൂടത്തെയും ജില്ലാ പോലീസ് മേധാവിയെയും സമീപിച്ചു.
അപേക്ഷ പരിഗണിച്ച ജില്ലാ പോലീസ് മേധാവി പി.എസ്. സാബു ഭൂമി കണ്ടെത്തുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കുന്നതിനുള്ള നിർദേശം കായംകുളം ഡിവൈഎസ്പി അലക്സ് ബേബിക്കും സിഐ മുഹമ്മദ് ഷാഫിക്കും നൽകി.
ഈ വിവരമറിഞ്ഞ കായംകുളം സ്റ്റേഷനിലെ എഎസ്ഐയും, ജനമൈത്രിയുടെ ചുമതലക്കാരനുമായ ഹാരിസ് തന്റെ വള്ളികുന്നത്തെ ഭൂമിയിൽ നിന്നും അഞ്ചുസെന്റ് വസ്തു രാഹുലിനു വീട് നിർമിക്കാൻ നൽകാനുള്ള സന്നദ്ധത അറിയിക്കുകയായിരുന്നു.
രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കി. ഈ മാസം 29 ന് പൊതുമരാമത്ത് രജിസ്ട്രേഷൻ മന്ത്രി ജി. സുധാകരൻ രാഹുലിന് വസ്തു കൈമാറും.