കാഞ്ഞിരപ്പള്ളി: പോപ്പുലർ ഫ്രണ്ട് സംസ്ഥാന നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ച സംഭവത്തിൽ കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിലെ വനിതാ എഎസ്ഐക്കെതിരേ വകുപ്പുതല അന്വേഷണം.
റംല ബീവിയ്ക്കെതിരെയാണ് സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അന്വേഷണമാരംഭിച്ചിരിക്കുന്നത്. റംലയുടെ ഫേസ്ബുക്ക് പേജിന്റെ കോപ്പി സഹിതം സ്പെഷൽ ബ്രാഞ്ച് കോട്ടയം എസ്പിക്ക് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം.
സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാനാണ് കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി എൻ. ബാബുക്കുട്ടനെ എസ്പി ചുമതലപ്പെടുത്തിയിരിക്കുന്നത്.
ഇതിന്റെ അടിസ്ഥാനത്തിൽ ഡിവൈഎസ്പി, എഎസ്ഐ റംലയെ വിളിച്ചുവരുത്തി മൊഴിയെടുത്തതായാണു വിവരം.
പോപ്പുലർ ഫ്രണ്ട് നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് അബദ്ധത്തിൽ ഭർത്താവ് തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവയ്ക്കുകയായിരുന്നവെന്നാണ് ഇവർ നൽകിയിരിക്കുന്ന മൊഴി.
ഇതുൾക്കൊള്ളിച്ചുള്ള വിശദമായ റിപ്പോർട്ട് കോട്ടയം എസ്പിക്ക് ഡിവൈഎസ്പി എൻ. ബാബുക്കുട്ടൻ സമർപ്പിച്ചു. സംഭവത്തിൽ ഇവർക്കെതിരേ വകുപ്പുതല നടപടി ഉണ്ടാകാൻ സാധ്യതയുണ്ട്.
പോലീസുദ്യോഗസ്ഥയ് ക്കെതിരേ നടപടി ആവശ്യപ്പെട്ട് ബിജെപി രംഗത്തെത്തി. സംഭവത്തിൽ ശക്തമായ നടപടിയുണ്ടാകണമെന്ന് ബിജെപി മധ്യമേഖലാ അധ്യക്ഷൻ എൻ. ഹരി ആവശ്യപ്പെട്ടു.
ജൂലൈ അഞ്ചിനു പോപ്പുലർ ഫ്രണ്ട് സംസ്ഥാന നേതാവ് പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റ് പിന്നീട് തന്റെ പേജിൽ റംല പങ്കുവയ്ക്കുകയായിരുന്നു.
വിദ്വേഷ മുദ്രാവാക്യ കേസിലുൾപ്പെട്ടവർക്ക് ജാമ്യം ലഭിച്ചതുമായി ബന്ധപ്പെട്ടായിരുന്നു പോപ്പുലർ ഫ്രണ്ട് നേതാവിന്റെ പോസ്റ്റ്.