തിരുവനന്തപുരം: മോഷണ കേസ് പ്രതിയെ സെല്ലിൽ നിന്നും തുറന്ന് വിട്ട് എസ്ഐ യെ കുടുക്കാൻ എസ്എച്ച്ഒ ശ്രമിച്ചെന്ന പരാതിയിൽ അന്വേഷണം നടത്താൻ റൂറൽ എസ്പി ഉത്തരവിട്ടു.
മംഗലപുരം മുൻ എസ്എച്ച്ഒക്കെതിരെയാണ് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ റൂറൽ എസ്പി ഡി. ശിൽപ്പ ആറ്റിങ്ങൽ ഡിവൈഎസ്പിക്ക് നിർദേശം നൽകിയത്.
മംഗലപുരം എസ്ഐ അമർസിംഗ് നായകത്തിന്റെ പരാതിയിലാണ് അന്വേഷണം. ഇക്കഴിഞ്ഞ ജനുവരിയിൽ നടന്ന സംഭവത്തിൽ എസ്ഐക്കെതിരെയുള്ള വകുപ്പ് തല അന്വേഷണത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥനായ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് മുൻപാകെ എസ്ഐ മൊഴി നൽകിയത്. പ്രതിയെ എസ്എച്ച്ഒ സഹായിച്ചതിന്റെ സിസിടിവി ദൃശ്യങ്ങൾ കൈമാറുകയും ചെയ്തു.
പ്രതി രക്ഷപ്പെട്ട് അടുത്ത ദിവസം എസ്എച്ച്ഒ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. അഴിമതിക്ക് കൂട്ടുനിൽക്കാത്തതിന്റെ വിരോധത്തിൽ തന്നെ കുടുക്കാൻ അന്നത്തെ എസ്എച്ച്ഒ ശ്രമിക്കുകയായിരുന്നുവെന്നാണ് എസ്ഐ അന്വേഷണ ഉദ്യോഗസ്ഥൻ മുൻപാകെ മൊഴി നൽകിയത്.
പ്രതി രക്ഷപ്പെട്ടതിന്റെ കാരണത്താൽ എസ്ഐക്കെതിരെയും പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന സിപിഒക്കെതിരെയും നേരത്തെ വകുപ്പ്തല അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഈ അന്വേഷണ വേളയിലാണ് ഇക്കാര്യങ്ങൾ എസ്ഐ വെളിപ്പെടുത്തിയത്.
ക്രിമിനൽ ബന്ധത്തിന്റെ പേരിൽ നേരത്തെ മുൻ മംഗലപുരം എസ്എച്ച്ഒയെ സസ്പെന്റ് ചെയ്തിരുന്നു. കൂടാതെ ക്രിമിനൽ സംഘങ്ങളുമായി ചങ്ങാത്തം പുലർത്തിയിരുന്ന പോലീസുകാരെ ഉൾപ്പെടെ കൂട്ടത്തോടെ സ്ഥലം മാറ്റിയിരുന്നു.