കൊച്ചി: കേരളത്തിലെ 140 നിയോജകമണ്ഡലങ്ങളിലെയും എംഎല്‍എമാരുടെ രേഖാചിത്രങ്ങള്‍ വരച്ച് ഏഷ്യാ ബുക്ക് ഓഫ് റിക്കാര്‍ഡ്സില്‍ ഇടം പിടിച്ച് പത്തുവയസുകാരന് തൃദേവ് വള്ളിയാത്ത്.
വ്യവസായമന്ത്രി പി. രാജീവിന്റെ ചിത്രമാണ് ആദ്യം വരച്ചത്. പേനയും പെന്‍സിലും ഉപയോഗിച്ച് എ ഫോര്‍ സൈസ് പേപ്പറില്‍ പരമാവധി ഒമ്പതുമിനിറ്റ് സമയമെടുത്താണ് ഏവരെയും വരച്ചതെന്ന് തൃദേവ് പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. പത്തുദിവസം കൊണ്ട് എല്ലാ എംഎല്‍എമാരെയും വരച്ചു.
2021-ല്‍ പിണറായി മന്ത്രിസഭയിലെ എല്ലാ മന്ത്രിമാരെയും സ്പീക്കറെയും ഡപ്യൂട്ടി സ്പീക്കറെയും വരച്ചതിന് ഇന്ത്യാബുക്ക് ഓഫ് റിക്കാര്‍ഡ്സിലും ഇടം നേടിയിരുന്നു.
ചിത്രകല ശാസ്ത്രീയമായി അഭ്യസിച്ചിട്ടില്ലെങ്കിലും ചെറിയ വയസുമുതല്തന്നെ ചിത്രങ്ങള്‍ വരയ്ക്കുമായിരുന്നു. കുന്നത്തുനാട് താലൂക്ക് ഓഫീസിലെ സര്‍വേയര്‍ വി.എസ്. ബിജുവിന്റെയും ബില്‍ഡിംഗ് ഡിസൈനര്‍ നീതുവിന്റെയും മകനാണ് തൃദേവ്.
മാതാപിതാക്കളും ചിത്രവരയില്‍ പ്രാഗത്ഭ്യമുള്ളവരാണ്. മൂവാറ്റുപുഴ റാക്കാട് സെന്റ് മേരീസ് പബ്ലിക് സ്കൂളിലെ നാലാംക്ലാസ് വിദ്യാര്‍ഥിയായ തൃദേവ് സ്കൂള്‍ തല മത്സരങ്ങളിലും സമ്മാനാര്‍ഹനായിട്ടുണ്ട്. അങ്കണവാടി വിദ്യാര്‍ഥി തൃവേദ് ആണ് സഹോദരൻ.